തിരുവനന്തപുരം:കാപ്പെക്സിനു കീഴിലുള്ള കശുവണ്ടി ഫാക്ടറികള്‍ ഓഗസ്റ്റ് 22ന് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. പെരുമ്പുഴ, പെരിനാട് ഫാക്ടറികളാണ് നാളെമുതല്‍ തുറന്ന് പ്രര്‍ത്തിക്കുക. പെരുമ്പുഴ ഫാക്ടറി അങ്കണത്തില്‍ ഓഗസ്റ്റ് 22ന് രാവിലെ എട്ടിനു നടക്കുന്ന ചടങ്ങില്‍ ഫിഷറീസ്, കശുവണ്ടി വ്യവസായ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പുനര്‍പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കാപ്പെക്സിന്റെ ബാക്കി എട്ടു ഫാക്ടറികള്‍ ചൊവ്വാഴ്ച്ച പ്രവര്‍ത്തനമാരംഭിക്കും. 1000 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമെതി ചെയ്യുന്നതിന് സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതനുസരിച്ച് ഓഗസ്റ്റ് 19 മുതല്‍ കാപ്പെക്സ് ഫാക്ടറികളില്‍ തോട്ടണ്ടി ഇറക്കിവരുന്നു. ആദ്യമായി എത്തിയ അഞ്ചു ലോഡില്‍ മൂന്നു ലോഡ് പെരുമ്പുഴയിലും രണ്ടു ലോഡ് പെരിനാടുമാണ് എത്തിച്ചത്. ഓഗസ്റ്റ് 22നുള്ളില്‍ 12 ലോഡ് തോട്ടണ്ടി വിവിധ ഫാക്ടറികളിലായി എത്തിച്ചേരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ആര് രാജേഷ് പറഞ്ഞു.