OF YOUTH [ Only for Youth ]29/02/2016

ലാഭം മാത്രം നോക്കി ചെയ്യേണ്ട ഒന്നല്ല സിനിമ തീയറ്റര്‍ ബിസിനെസ്സ്;ഒപ്പം പാഷനും വേണം

SUNIL KUMAR
വിശാഖ് സുബ്രഹ്മണ്യം
മൂന്നു പതിറ്റാണ്ടോളം മലയാള സിനിമയിൽ അനന്തപുരിയുടെ അഹങ്കാരമായിരുന്ന പി സുബ്രഹ്മണ്യത്തിന്റെ മെരിലാന്റ്  ഇപ്പോൾ അദ്ദേഹത്തിന്റെ മകന്റെ മകൻ വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും മലയാള സിനിമയിൽ തരംഗമാവുകയാണ്.  അന്നത് സ്റ്റുഡിയോയിലൂടെയാണെങ്കിൽ ഇന്നത്‌ മെരിലാന്റ് സിനിമാസിലൂടെയാണെന്ന വ്യത്യാസം മാത്രം.  പി സുബ്രമണ്യം നിർമിച്ച ശ്രീകുമാർ, ശ്രീവിശാഖ്, ന്യു തീയറ്റർ ഇവ ഉൾപ്പെടുന്ന മെരിലാന്റ് സിനിമാസ് ഇപ്പോൾ ന്യു ജെൻ ചിത്രങ്ങളുടെ തുടർ വിജയങ്ങളിലൂടെയാണ് മലയാള സിനിമയിൽ തരംഗമാകുന്നത്.  28 കാരനായ വിശാഖ് ന്യു ജെൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി തന്റെ തീയറ്ററിലെ ചിത്രങ്ങളെ വിജയലെത്തിച്ചും  താരങ്ങളെ വരുത്തി ആഘോഷിച്ചും   അനന്തപുരിയിയെ  മലയാള സിനിമയുടെ പുതിയ മാറ്റങ്ങൾക്ക്  വേദിയാക്കിയിരിക്കുകയാണ്.  ഏറ്റെടുത്ത ജോലിയിൽ ചുരുങ്ങിയ നാളുകൾ കൊണ്ട്  മികവു തെളിയിച്ച വിശാഖ് സുബ്രഹ്മണ്യം ഉടൻ തന്നെ ശ്രീകുമാർ ശ്രീവിശാഖ് തീയറ്റർ കോംപ്ലക്സ്  നവീകരിക്കുമെന്ന് അയ്യോ!ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.  തുടർന്ന് വായിക്കുക.

പി സുബ്രഹ്മണ്യം
വിശാഖ് സുബ്രഹ്മണ്യം താങ്കൾ ഇപ്പോൾ മെരിലന്റ് സിനിമാസിലൂടെ ന്യു ജെന്‍ ചിത്രങ്ങൾക്ക്  ഒന്നിന്  പുറകെ ഒന്നായി വിജയം സമ്മാനിച്ചുകൊണ്ടിരിക്കുകയാണല്ലോ,ഇതെങ്ങനെയാണ് സാധ്യമാക്കിയത്?
മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു  2010 ലാണ്  ഞാൻ ശ്രീ വിശാഖ് തീയറ്ററിന്റെ ചുമതല ഏറ്റെടുക്കുന്നത്.  ആ സമയത്താണ് മലയാള സിനിമയിൽ ന്യു ജെൻ ട്രെണ്ടിനു തുടക്കം കുറിച്ച ട്രാഫിക് ശ്രീ വിശാഖിൽ റിലീസ് ചെയ്യുന്നത്.  അതുവരെ നിലനിന്ന മലയാളസിനിമയുടെ പാരമ്പര്യ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ ട്രാഫിക്കിന്റെ വൻ വിജയം പുതിയ സിനിമകൾക്ക് പ്രചോദനമായപ്പോൾ അതെ ഫോർമാറ്റിലുള്ള  സിനിമകളുമായി യുവ സംവിധായകരുടെയും അഭിനേതാക്കളുടെയും കടന്നുകയറ്റമാണ് മോളിവുഡ് കണ്ടത്.  ആ സമയത്താണ് 2011 ൽ ഞാൻ തീയറ്റർ ചാർട്ടിംഗ് തുടങ്ങിയത്.   ആഷിഖ് അബുവിന്റെ സാൾട്ട് എൻ പെപ്പെർ ചാർട്ട് ചെയ്തുകൊണ്ടാണ് തുടക്കമിട്ടത്.   തുടര്ന്നാണ്  22 എഫ് കെ,ഓർഡിനറി,ഡയമണ്ട് നെക്ലസ്,തട്ടത്തിൻ മറയത്ത് എന്നിവ ചാർട്ട് ചെയ്തത് .   ഈ അഞ്ചു ചിത്രങ്ങളും നവാഗതരുടെ ചിത്രങ്ങൾ എന്ന നിലയിൽ മറ്റു തീയറ്ററുകൾ റിലീസിനെടുക്കാൻ മടിച്ച ഘട്ടത്തിലാണ് ശ്രീ വിശാഖിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച സുപ്പർ ഹിറ്റാക്കിയത്.     മറ്റൊന്ന്, ഹോളിവുഡ്,ബോളിവുഡ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചിരുന്ന ശ്രീ വിശാഖിനെ മലയാളം സിനിമകളുടെ ആദ്യ പ്രദര്ശന കേന്ദ്രം ആക്കണമെന്ന ഉറച്ച ലക്ഷ്യവും ഒന്നിന് പുറകെ ഒന്നായ ന്യു ജെൻ ചിത്രങ്ങളുടെ റിലീസിന് പിന്നിലുണ്ടായിരുന്നു.  ഒരു ഫിലിം വിജയിപ്പിക്കണമെങ്കില്‍ എനിക്കൊരു സമവാക്യം ഉണ്ട്.  സിനിമയെ നവ മാധ്യമങ്ങള്‍ വഴി  പ്രചരിപ്പിക്കുക, തീയറ്റര്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നത്.  ഇവ കൂടി ചെയ്തപ്പോള്‍  കൂടുതല്‍ പ്രേക്ഷകരെത്തി സിനിമകള്‍ കണ്ടു വിജയിപ്പിച്ചു. 

ന്യു ജെൻ ചിത്രങ്ങൾ മെരിലാന്റ് സിനിമാസിൽ ഞാൻ മാത്രമല്ല വിജയിപ്പിച്ചിട്ടുള്ളത്.  വല്ല്യപ്പ എസ് കാര്ത്തികേയൻ അപ്പ എസ് മുരുകൻ തുടങ്ങിയവർ ചാർട്ട് ചെയ്ത് വിജയിപ്പിച്ച സിനിമകളുടെ കണക്കെടുത്താൽ നിരവധികാണാം.  എങ്കിലും, അവരുടെ ചാർട്ടിംഗിൽ വൻ വിജയം കൊയ്ത ഒരു ന്യു ജെൻ ചിത്രമായി ഇൻ ഹരിഹർ നഗറിനെ ഓർത്തെടുക്കാം.  അത് ഇന്നും ഏതുകാലത്തും ന്യു  ജെൻ തന്നെ ആയിരിക്കും.
അടുത്തിടെ ന്യു ജെന്‍ ചിത്രങ്ങളുടെ വിജയങ്ങള്‍ താരങ്ങളോടൊപ്പം ആഘോഷമാക്കിയിരുന്നല്ലോ. ഇങ്ങനെ ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ എന്ത് മാര്‍ക്കറ്റിങ്ങ് തന്ത്രമാണ് ഉപയോഗിക്കുന്നത്?
ചില പടങ്ങളെല്ലാം ലോ ബജറ്റ് പടങ്ങള്‍ ആയിരിക്കും.  അത് ആള്‍ക്കാരില്‍ എത്താന്‍ കുറച്ചു പാടായിരിക്കും.  വേറെ ചില പടങ്ങള്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെ ആവിശ്യമില്ല. ഒരു ഇന്‍ഷ്യല്‍ കളക്ഷന്‍ ആ പടങ്ങള്‍ക്ക് വരും. ചില താരങ്ങള്‍ക്ക് ഒന്നിന് പുറകെ ഒന്നായി സിനിമ പരാജയപ്പെടുന്ന മോശം സമയം ആയിരിക്കും. അത് കഴിഞ്ഞായിരിക്കും ഒരു സിനിമ വന്നു നല്ലതാണെന്ന് റിപ്പോര്‍ട്ട് വരുന്നത്.  ആ റിപ്പോര്‍ട്ട് വരുമ്പോള്‍ ആള്‍ക്കാരില്‍ എത്തിക്കാന്‍ വലിയ പാടായിരിക്കും.  അത് ആള്‍ക്കാരില്‍ എത്തിക്കുക എന്നുള്ളത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.  അതുപോലെ എനിക്കും ഒരു നിര്‍ബന്ധമുണ്ട്, ഞങ്ങളുടെ തീയറ്ററില്‍ ഒരു പടം ഇറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ ഓടിയ റിക്കോര്‍ഡ് വേണമെന്ന്.  അതിനു വേണ്ടി നിഷ്ഠയോടെ ചില കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്.  എന്തൊക്കെ പറഞ്ഞാലും ചെയ്താലും തീയറ്ററില്‍ ആളുവന്നാലെ പടം ഹിറ്റാവു .
എന്തൊക്കെയാണ് ചെയ്യുന്നത്
അതിനുവേണ്ടി ഫേസ് ബുക്കില്‍ ഞാനൊരു ഗ്രൂപ്പും, പേജും തുടങ്ങിയിട്ടുണ്ട്.  അതിലൂടെ യഥേഷ്ടം പ്രചാരണം  ചെയ്യുന്നുണ്ട്.  പ്രേക്ഷരുടെ അന്വേഷണത്തിനുവേണ്ടി ഓണ്‍ലൈന്‍ സേവനങ്ങള്‍ നൽകുന്നുണ്ട്. ചില പ്രേക്ഷകർ തീയറ്ററില്‍ വന്നു ബുക്ക് ചെയ്യാന്‍ പാടെന്നു പറഞ്ഞതുകൊണ്ട് അതിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. എല്ലാ തീയറ്ററിലും നോക്കിയാല്‍ നാല് ഷോയെ തിരുവനന്തപുരത്ത് നടന്നിട്ടുള്ളൂ. നമ്മള്‍ നല്ല പടങ്ങള്‍ക്ക് അഞ്ചു ഷോ വച്ച് കാണിക്കാറുണ്ട്. പ്രേമം പോലുള്ള പടങ്ങള്‍ രാവിലെ എട്ടു മണിക്ക് ഷോ നടത്തി ആറു ഷോ വച്ചിട്ട് പ്രേക്ഷകരെ എത്തിച്ചിട്ടുണ്ട്.  സാധാരണ നാല് ഷോയെ വേണ്ടി വരൂ.  പക്ഷെ ഞാന്‍ പടത്തിന്റെ പോക്ക് മനസ്സിലാക്കി ഷോ യുടെ എണ്ണം അഞ്ചും-ആറും ആക്കി വര്‍ദ്ധിപ്പിക്കാറുണ്ട്.  ഒരു തീയറ്ററില്‍ ഓടുന്ന ചിത്രം ചിലപ്പോള്‍ രണ്ടു മൂന്നും സ്‌ക്രീനിലേക്കും കൂടി പ്രദര്‍ശിപ്പിക്കാറുണ്ട്.  പടം ഹിറ്റാവുകയാണെങ്കില്‍ അതിലെ സുഹൃത്തുക്കളായ താരങ്ങളെ ഇവിടെ വരുത്തും.  സുഹൃത്തുക്കളായ അഷിഖ് അബു, വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പ്രിഥ്വിരാജ്, അജു വർഗീസ്‌, ധ്യാൻ ശ്രീനിവാസൻ ഇവരാരെങ്കിലും എന്നെ വിളിക്കുമ്പോള്‍ പറയും ഫ്രീയാകുമ്പോള്‍ ഇവിടെവരണമെന്ന്.  കാരണം നല്ല സിനിമകളെ ആദ്യംമുതലേ പ്രോത്സഹിപ്പിക്കാറുള്ള മീഡിയ അവര്‍ ഇവിടെ വരുമ്പോൾ അറിഞ്ഞെത്തുകയും നല്കുന്ന വാർത്തകളിലൂടെ സിനിമ കുറച്ചും കൂടി ആള്‍ക്കാരിലേക്ക് എത്തിപ്പെടും. ഞാനുമായുള്ള സുഹൃത്ത് ബന്ധത്തിന്റെ പേരിൽ മാത്രമാണ് അവര്‍ ഇവിടെ വരുന്നത്.

വിശാഖ് സുബ്രഹ്മണ്യം വിനീത് ശ്രീനിവാസന്‍,ധ്യാൻ ശ്രീനിവാസൻ എന്നി  സുഹൃത്തുക്കൾക്കൊപ്പം 
ഇപ്പോൾ പൈറസിയുടെ കാലമാണ് അടുത്തിടെ അത് ഒരു വലിയ പ്രശ്നമാവുകയും ചെയ്തു.  ഈ അവസ്ഥയില്‍ ഒരു സിനിമ എങ്ങനെയാണ് വിജയിപ്പിക്കാന്‍ കഴിയുക?
പ്രേമം സിനിമ പ്രദര്‍ശിച്ചപ്പോള്‍ ഞാന്‍ വല്ലാതെ വിഷമിച്ചിരുന്നു. 40 ദിവസം എന്റെ തീയറ്ററില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരുന്നതാണ് പ്രേമം. ഞാനത് 150-200 ദിവസം മനസ്സിൽ കണക്ക് കൂട്ടി റെക്കോര്‍ഡ് ലക്ഷ്യമിട്ടിരുന്നതാണ്.  പക്ഷെ ഒരു ദിവസം കൊണ്ട്  പ്രേമത്തെക്കുറിച്ചുള്ള എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റി .  അതിന്റെ വ്യാജ സി ഡി ഇറങ്ങി രണ്ടു ദിവസം കൊണ്ട് പടം താഴേക്ക് പോകുന്ന അവസ്ഥയാണ് കണ്ടത്. കാരണം അടിയും ഇടിയും ബഹളവും മികച്ച കളക്ഷനുമായി മുന്നേറിയ പടം.  വൻ ഹിറ്റായ ദൃശ്യം കഴിഞ്ഞു വന്ന പടമായിരുന്നു പ്രേമം. പൈറസി കാരണം അപ്പോള്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടായപ്പോൾ എനിക്കതൊരു വലിയ വിഷമമായിരുന്നു.  കാരണം എനിക്കൊരു കാഴ്ച്ചപ്പാടുണ്ടായിരുന്നു ഇത്ര ദിവസം ഓടുമെന്നും കളക്ഷന്‍ വരുമെന്നും. ഇവിടെ ഒരു റെക്കോര്ഡ് ആക്കാമെന്നും.  പക്ഷെ ഒരു വ്യക്തിയുടെ തെറ്റ് കാരണം എനിക്കത് നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ വാശിയായി.  ആ വാശിയുടെ പുറത്താണ്  പ്രേമം 150 ദിവസം പ്രദർശിപ്പിച്ചത്‌.
പൈറസി തടയാനായി എന്തെങ്കിലും മാര്‍ഗം നിര്‍ദ്ദേശിക്കാനുണ്ടോ
ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌  ചെയ്യുകയാണെങ്കില്‍ അപ്പോള്‍ തന്നെ അതെടുത്ത് കളയാനുള്ള സംവിധാനം കൊണ്ടുവരണം.  ആരെങ്കിലും അറിയുക്കകയാണെങ്കില്‍ ഉടന്‍ തന്നെ ആരാണ് അപ്‌ലോഡ്‌  ചെയ്‌തെത് എന്ന് കണ്ടെത്തി ശിക്ഷിക്കാന്‍ കഴിയണം.  അവര്‍ക്കെതിരെ ഉടനടി നടപടിയുണ്ടാകണം.  അങ്ങനെ ചെയ്‌തെങ്കില്‍ മാത്രമേ ഇതില്ലതാകു.  ചെയ്യുന്നവര്‍ക്ക് നല്ല കടുത്ത ശിക്ഷ നല്‍കി മാതൃക കാണിച്ചാല്‍ മറ്റുള്ളവര്‍ ആ ഭയത്താല്‍ അതാവര്‍ത്തിക്കില്ല.  ഇത്  എല്ലാവരും കൂടി  കൂട്ടായി ഇരുന്ന് തീരുമാനിക്കേണ്ട കാര്യമാണ്.
ബോളിവുഡിലെ പോലെ സിനിമ വിജയിപ്പിക്കുന്നതിന് മലയാള താരങ്ങള്‍ പ്രത്യേകിച്ചും യുവതാരങ്ങള്‍ ആൾക്കൂട്ടത്തിലേക്ക്  ഇറങ്ങി വരുന്നത് ഇവിടെ ഒരു പുതു പ്രവണതയാണെന്ന് തോന്നുന്നു.
അത് തീർത്തും ശരിയാണ്.  താരങ്ങളുടെ തീയറ്റര്‍ സന്ദര്‍ശനം തിരുവനന്തപുരത്ത് കൊണ്ടുവന്നത് ഞാനാണ്.   രണ്ടു വര്‍ഷങ്ങൾക്ക് മുമ്പ് താരങ്ങള്‍ ഇവിടെ വരുന്നത് പതിവില്ലായിരുന്നു.  മലയാളത്തിലെ  സുപ്പര്‍താരങ്ങൾക്കെല്ലാം  ഇവിടെ നിന്നാണ് മികച്ച തുടക്കം ലഭിച്ചിരിക്കുന്നത്.  കാലങ്ങള്‍ കടന്നപ്പോള്‍ അവരെല്ലാവരും തിരുവനന്തപുരത്തെ മറന്നുപോയി.  ഇപ്പോഴും കളക്ഷന്റെ കാര്യത്തിലായാലും  മറ്റെല്ലാ കാര്യത്തിലും തിരുവനന്തപുരമാണ് മുന്നിട്ടു നിൽക്കുന്നത്.   ബോക്സാഫീസുകളുടെ മുൻകാല ചരിത്രം നോക്കിയാല്‍ അത് വ്യക്തമാകും.  ചിത്രം (365),മണിചിത്രത്താഴ് (365) ഗോഡ്ഫാദര്‍ (416), ഇപ്പോൾ ദൃശ്യം, പ്രേമം, തട്ടത്തിന്‍മറയത്ത് തുടങ്ങിയവയുടെയൊക്കെ ഏറ്റവും വലിയ റെക്കോര്‍ഡുകള്‍ തിരുവനന്തപുരത്താണ്.
എങ്ങനെയാണ് ഒരു സിനിമ തെരഞ്ഞെടുക്കുന്നത്
നമുക്ക് മാത്രമായി സ്ഥിരമായി സിനിമ തരുന്ന കമ്പിനികളിണ്ട്.  അവര്‍ തരുന്ന ചിത്രങ്ങള്‍ വലുതായാലും ചെറുതായാലും കളിച്ചേ മാതിയാകു.  അതില്‍ മറ്റൊന്നും നോക്കാന്‍ കഴിയില്ല.  എല്ലാ പടങ്ങളും ഒരു പോലെ കളിച്ചാലേ പറ്റു.  എനിക്കാഗ്രഹമുള്ള ചില പടങ്ങളുണ്ട്. എന്റെ സുഹൃത്തുക്കള്‍ അഭിനയിക്കുന്നതോ സംവിധാനം ചെയ്യുന്നതോ ആയ ചിത്രങ്ങള്‍ അത് ചോദിച്ചു വാങ്ങിക്കാറുണ്ട്.  അവയില്‍ കൊള്ളവുന്നതിനു ഞാന്‍ മികച്ച സപ്പോര്‍ട്ടും നല്കാറുണ്ട്.
താരമാകാന്നതിനു അത്യാവിശ്യം വേണ്ട ശരീരഘടന വിശാഖിനുണ്ട് ഒപ്പം മികച്ച യുവതാര നിരയുടെ കൂട്ടും അങ്ങനെയുള്ളപ്പോള്‍ സിനിമയില്‍ പ്രതീക്ഷിക്കാമോ?
അഭിനയത്തിനോട് എനിക്ക്  താല്പര്യമില്ല.  മുമ്പ് രണ്ടു, മൂന്നു പേര്‍ എന്നെ അഭിനയിപ്പിക്കുന്നതിനു വേണ്ടി അപ്പയേയും(എസ് മുരുകൻ)  തുടര്‍ന്ന്  എന്നെയും സമീപിച്ചിരുന്നു.  കാരണം സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യുന്ന എന്റെ ശരീരഘടന കണ്ടിട്ടാണ് അവർ എന്നെ സാമീപിച്ചത്.   പക്ഷെ, അഭിനയം ശരീരഘടന  ഉണ്ടായതുകൊണ്ട് മാത്രം ചെയ്യാന്‍ പറ്റുമെന്ന് ഞാൻ കരുതുന്നില്ല.   ക്യാമറയുടെ പിന്നില്‍ നിന്നു നോക്കുമ്പോള്‍ അഭിനയം വളരെ എളുപ്പമാണെന്ന് തോന്നും. പക്ഷെ അത് കഷ്ടപ്പാട് നിറഞ്ഞതും പ്രത്യക കഴിവും വേണ്ട മേഖലയാണ്.

ജിമ്മിൽ വർക്കൗട്ടിനെത്തിയ വിശാഖും 
അടുത്ത സുഹൃത്ത് വിഷ്ണുവും 
സിനിമ സംവിധാന-നിർമാണ മേഖലയിലേക്ക് കടന്നു വരുമോ?
ഈ അടുത്ത് ഞാനൊരു കോഴ്‌സ് ചെയ്തിരുന്നു.  സിംഗപ്പൂരിലെ സേയില്‍ 2.5 മാസം ദൈര്‍ഹ്യമുള്ള ഡിജിറ്റല്‍ ഫിലിം മേക്കിംഗ് കോഴ്‌സ് . അവിടെയുള്ള ഒരു പ്രമുഖ ഇന്‍സ്റ്റിറ്റ്യുട്ട് ആണത്.  ഭാവിയില്‍ എനിക്ക് സംവിധാനം ചെയ്യാനോ നിര്‍മ്മിക്കാനോ തോന്നിയാല്‍ ഞാനത് ചെയ്യും.  അതിനു പ്രായം ഒരു തടസ്സമല്ലല്ലോ.
കോളേജില്‍ പഠിക്കുമ്പോള്‍ സിനിമ സംബന്ധമായോ കലാപരമായോ എന്തെങ്കിലും ചെയ്തിരുന്നോ?
കോളേജില്‍ പഠിക്കുമ്പോള്‍  ശനി, ഞായര് അവധി ദിവസങ്ങളിൽ അപ്പയുടെ(എസ് മുരുകൻ)കൂടെ തീയറ്റര്‍ ഓഫീസില്‍  വന്നിരിക്കുമായിരുന്നു.  അതായിരുന്നു ആ സമയത്ത് സിനിമയോടുള്ള ബന്ധം. അപ്പയ്ക്ക് സിനിമകള്‍ ചാര്‍ട്ട് ചെയ്യുന്നതിന് അദ്ദേഹത്തിന്റെതായ  പ്രത്യക രീതിയുണ്ട് .  അതെന്നെ വല്ലാതെ സ്വാധിനിച്ചിരുന്നു.  പണ്ടുതൊട്ടേ മോഹന്‍ ലാലിന്റെ സിനിമകള്‍ മാത്രം കളിക്കുന്ന തീയറ്ററാണ്  ശ്രീകുമാര്‍. അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നതാണ് കാരണം.  കോളേജില്‍ ടാബ്ലോ,ഫാഷൻ ഷോ എന്നിവയിൽ പങ്കെടുത്തായിരുന്നു കലപാരമായ ബന്ധം. ലോൺ ടെന്നിസും കളിക്കുമായിരുന്നു.

മോഹൻ ലാൽ, എസ് മുരുകൻ
മോഹന്‍ലാലിന്റെ ഭാഗ്യ തീയറ്ററാണ് ശ്രീകുമാറെന്നു മമ്മൂട്ടിയുടെ ഭാഗ്യ തീയറ്റര്‍ അത് അല്ല എന്ന്  പറയുന്നത് ശരിയാണോ?
മോഹന്‍ ലാലിന്റെ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിനു വര്ഷങ്ങളായി അടുപ്പമുണ്ട്.  ലാലേട്ടന്‍സിനിമയില്‍ വന്ന 90 മുതല്‍ അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. തമിഴ്‌നാട്ടിലെ ലാലേട്ടന്റെ ഭാര്യയുടെ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിനു ബന്ധമുണ്ട്.   സുചിത്ര ചേച്ചി കൊച്ചായിരുന്നപ്പോള്‍ അപ്പ എടുത്തുകൊണ്ടു നടന്നിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  അപ്പയുടെ കല്യാണത്തിനാണ് ലാലേട്ടനും സുചിത്ര ചേച്ചിയും ആദ്യമായി കണ്ടു മുട്ടി പിന്നെയത് വിവാഹത്തിലേക്ക് നീങ്ങിയത്.  ആ അടുപ്പം കാരണം ലാലേട്ടന്റെ പടങ്ങള്‍ ശ്രീകുമാറില്‍ റിലീസ് ചെയ്തിരുന്നു.  അതൊക്കെയാണെങ്കിലും നിരവധി സുപ്പർ ഹിറ്റുകൾ സമ്മാനിച്ച ശ്രീകുമാര്‍ മോഹന്‍ലാലിന്റെ രാശിതീയറ്റര്‍ തന്നെയാണ് അതില്‍ മാറ്റം വരില്ല.  അതുപോലെ മമ്മൂക്കയുടെ സിനിമകള്‍ ഏറ്റവും കൂടുതല്‍ ഹിറ്റായത് നോക്കിയാല്‍ ഞങ്ങളുടെ തീയറ്ററിലാണ്.  രാജ മാണിക്യം, പഴശ്ശിരാജ, പപ്പയുടെ സ്വന്തം അപ്പൂസ് ഇതെല്ലാം കളിച്ചിരിക്കുന്നത് ഞങ്ങളുടെ സ്വന്തം  ന്യു തീയറ്ററിലാണ്.  മമ്മൂക്കയുടെ ഏറ്റവും വലിയ ഹിറ്റാണ് രാജമാണിക്യം അത് ന്യു തീയറ്ററിലും ശ്രീകുമാറിലുമായി ഒരേ സമയമാണ് റിലീസ് ചെയ്തത്.  ആ റെക്കോര്ഡ്  വേറെ വെളിയിൽ പോയിട്ടില്ല.  ആ റെക്കോര്‍ഡ് ഇപ്പോഴും ന്യു തീയറ്ററില്‍ തന്നെയാണിരിക്കുന്നത്.
സിറ്റിയിലെ അരഡസനിലധികം തീയറ്റര്‍ മറ്റു പലതിലേക്കു മാറ്റപ്പെടുകയും പ്രവര്ത്തനം നിര്‍ത്തുകയും ചിലത് തീയറ്ററെന്ന പേര് മാത്രമായി നിലകൊള്ളുകയും ചെയ്യുന്നു.  നിങ്ങളുടെ തീയറ്ററുകള്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി ഇന്നും പഴയ പ്രൗഡിയോടെ നിലകൊള്ളുകയും ചെയ്യുന്നു എന്താണ് കാര്യം?
ഇപ്പോള്‍ തീയറ്റര്‍ നോക്കി നടത്തണമെങ്കില്‍ കച്ചവടചിന്ത മാത്രം പോര.  ഒപ്പം പാഷനും വേണം.  അത് നമുക്ക് പഠിച്ചെടുത്തു ചെയ്യാന്‍ പറ്റുന്ന കാര്യമല്ല.  അത് നമ്മുടെ മനസ്സില്‍ തോന്നി അതിനു വേണ്ടി സമയം കണ്ടെത്തി ചെയ്യേണ്ട കാര്യമാണ്. ലാഭം ഉണ്ടാകുമോ ഇല്ലയോ എന്ന് നോക്കി ചെയ്യേണ്ട ഒന്നല്ല  തീയറ്റര്‍ ബിസിനെസ്സ്.  ഞാന്‍ ഒരു എഗ്രിമെന്റ് സൈന്‍ ചെയ്യുന്നത് അപ്പുപ്പനെ മനസ്സില്‍ ധ്യനിച്ചുകൊണ്ടാണ്.  നമ്മുടെ ഹാര്‍ഡ് വര്‍ക്ക്, ഭാഗ്യം,അപ്പുപ്പന്റെ അനുഗ്രഹം ഇതിന്റെ എല്ലാത്തിനും മേലെയുള്ള ദൈവാനുഗ്രഹം എന്നിവ ചേര്‍ന്നത്  കൊണ്ടാകാം.
ന്യു തീയറ്റര്‍ നവീകരിച്ചതുപോലെ പ്രേക്ഷകര്‍ നിരന്തരം ആവിശ്യപ്പെടുന്ന ശ്രീകുമാറും ശ്രീവിശാഖും പുതുക്കി പണിയുമോ?
ന്യു തീയറ്ററിനെ കഴിഞ്ഞ രണ്ടു വര്ഷത്തിനിപ്പുറമാണ് പ്രേക്ഷകർ മികച്ചതെന്നു പറഞ്ഞു തുടങ്ങിയത്.  മുമ്പ് പടങ്ങള്‍ കിട്ടാത്ത തീയറ്ററും ന്യു തീയറ്ററായിരുന്നു.  ശ്രീകുമാര്‍ ശ്രീവിശാഖ് തീയറ്ററുകൾ തുടങ്ങിയ കാലം മുതലും  ന്യു തീയറ്റര്‍ തുടങ്ങിയ ശേഷവും എല്ലാവരും ആവിശ്യപ്പെടുന്ന തീയറ്റര്‍ ശ്രീകുമാറാണ്.  ഉടന്‍ തന്നെ നമ്മള്‍ അവ രണ്ടും പുതുക്കി പണിയും.  പുതുക്കി പണിയുക എന്നത് വലിയ ഒരു കാര്യമാണ്.  ന്യു തീയറ്റര്‍ നവീകരിച്ചപ്പോള്‍ ഞാന്‍ അപ്പയോടൊപ്പം നിന്ന് കാര്യങ്ങള്‍ കണ്ടറിഞ്ഞതാണ്.  പ്ലാന്‍ വരയ്ച്ചു നഗരസഭയ്ക്ക് കൊടുത്ത് ലൈസൻസ് ലഭിച്ച് ഫയര് - സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളിലെ അംഗീകാരം കിട്ടിയെങ്കില്‍ മാത്രമേ തീയറ്റര്‍ പ്രവര്ത്തിപ്പിക്കാന്‍ കഴിയു.  അത് നേടിയെടുക്കുന്നത് വലിയ ഒരു കടമ്പയാണ്.  അതുകൊണ്ട് ഞങ്ങളിപ്പോള്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്.  ഈ കോംപ്ലക്സ് പുത്ക്കി പണിയുമ്പോള്‍ പ്ലാന്‍ കൊടുത്തു ലൈസൻസ് കിട്ടി ഒപ്പം മറ്റു വകുപ്പുകളുടെ അംഗീകാരവും കിട്ടിയതിനുശേഷം മാത്രമേ പണി തുടങ്ങു എന്ന്.  ന്യു തീയറ്റര്‍ പോലെ ഒരു തീയറ്ററാണ് പ്രേക്ഷകര്‍ നോക്കിയിരിക്കുന്നുവെങ്കില്‍ കുറച്ചു നാളുകള്‍ കൂടി കാത്തിരിക്കേണ്ടിവരും.  കാരണം അതൊരു എളുപ്പ കാര്യമല്ല.  പഴക്കമുള്ള തീയറ്റര്‍ പൊളിച്ച് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് തുടങ്ങിയവ ചെയ്യാനുള്ളതുകൊണ്ട് മികച്ച പ്ലാനുണ്ടാക്കി വളരെ ശ്രദ്ധയോടെയും സസൂക്ഷമം ചെയ്യേണ്ട കാര്യമാണ്.
തീയറ്ററുകളുടെ ചുമതലയിൽ വന്നുപെട്ടതെങ്ങനെ? 
തിരുവനനന്തപുരം മാര്‍ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്‌ ടെക്നോളജിയിൽ നിന്ന്  മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് 2010 ല്‍ പൂർത്തിയാക്കിയതിനു ശേഷം ആദ്യം ഒരു വര്ഷം തീയറ്റര്‍ കാര്യങ്ങളില്‍ അച്ഛനെ  സഹായിക്കാമെന്നു പറഞ്ഞു നിന്നു.  പക്ഷെ,ഒരുവര്ഷം കഴിഞ്ഞപ്പോള്‍ തീയറ്ററുകളുടെ നടത്തിപ്പ് ചുമതല എനിക്ക്  സ്ഥിരമായിട്ട് ഏറ്റെടുക്കേണ്ടിവന്നു.
സിനിമയോടുള്ള പാഷന്‍ കൊണ്ടാണോ അതേറ്റെടുത്തത് ?
അതെ,  ഞാനിപ്പോള്‍ എഞ്ചിനീറിംഗ് കഴിഞ്ഞെങ്കിലും എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്ന്ന സിനിമയിൽ നിന്നെനിക്ക് മാറി നില്ക്കാൻ കഴിയില്ല.  അച്ഛനായാലും അങ്കിളായാലും ഇപ്പോള്‍ ഞാനായാലും അങ്ങനെതന്നെയാണ്.  സിനിമ ഞങ്ങള്‍ക്ക്  ഒരു പാഷനാണ്
വിശാഖിന്റെ ലൈഫ്സ്റ്റൈൽ
ഞാനൊരു ഷോപ്പഹോളിക് ആണ്. തുണികളോടണ് കൂടുതല്‍ താല്പര്യം. ഷൂസിനോടും, വ്രിസ്റ്റ് വാച്ചുകളോടും പ്രത്യേക താല്പര്യമുണ്ട്. പുറത്ത് പോകുമ്പോള്‍ ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്ന സ്വഭാവമുണ്ട്.  പിന്നെ ഞാൻ ഒരു നല്ല ഭക്ഷണ പ്രീയനാണ്.  അതിനായി അടുത്ത സുഹൃത്ത് വിഷ്ണുവിന്റെ ഹോട്ടലായ സൗത്ത് പാർക്കിൽ  മിക്കവാറും ശനിയാഴ്ചകളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ഒത്തുകൂടാറുണ്ട്.  

വിശാഖ് - ജീത്, വിവേക്, സച്ചിൻ(മണിയൻപിള്ള രാജുവിന്റെ മകൻ ) ഫിലിപ് എന്നീ സുഹൃത്തുക്കൾക്കൊപ്പം
അനന്തപുരിയിലെ സിനിമ പ്രേക്ഷകരുടെ നീണ്ടനാളത്തെ ആഗ്രഹമായ ശ്രീകുമാർ ശ്രീവിശാഖ് തീയറ്റർ കോപ്ലക്സിന്റെ നവീകരണമാണ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ അടുത്ത ലക്‌ഷ്യം.  ന്യു തീയറ്റർ പോലെ അവ മികച്ചതാക്കാൻ ആ യുവാവിനു കുറച്ചു സമയം നൽകി കാത്തിരിക്കാം.  ഇനിയും നീണ്ട വർഷങ്ങൾ മുന്നിലുള്ള വിശാഖിൽ നിന്നു മെരിലാന്റിന്റെ ബാനറിൽ പുതിയ ചിത്രങ്ങൾ സംവിധായകന്റെയോ-നിർമതാവിന്റെയോ രൂപത്തിൽ നമുക്ക് പ്രതീക്ഷിക്കാം. 

Views: 7089
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024