തിരുവനന്തപുരം: ഇപ്പോള്‍ കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ ഇനി മത്സ്യം കഴിക്കുന്നതിനും നിരോധനം വരുമെന്ന് മുഖ്യമന്ത്രി. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയിൽ എൽഡിഎഫിന്റെ ഒന്നാംവാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതങ്ങളും വിവിധ സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്ത:സത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്.
രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീത കാലം മുതല്‍ മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈ വെച്ചിരിക്കുന്നന്നത്
രാജ്യത്തിനാകെ ബാധകമായ നിരോധനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്രം തയ്യാറാകേണ്ടതായിരുന്നു. കാരണം, സംസ്ഥാനങ്ങള്‍ക്ക് പല സവിശേഷതകളുമുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. നമ്മുടെ ഫെഡറല്‍ സംവിധാനം തന്നെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.