ടേക്ക് ഓഫിലെ സമീറ - പാര്‍വതി
പനാജി: ഗോവയില്‍ നടന്ന ഇന്ത്യയുടെ 48-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള രജതമയൂരം പാര്‍വതിക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'ടേക്ക് ഓഫി'ലെ അഭിനയമികവിനാണ് പുരസ്കാരം. ഫ്രഞ്ച് ചിത്രമായ 120 ബീറ്റ്സ് പെര്‍ മിനിറ്റിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം. ഈ ചിത്രത്തിലെ അഭിനയത്തിന് അര്‍ജന്റീനക്കാരനായ നഹേല്‍ പെരസ് ബിസ്കയാര്‍ട്ട് മികച്ച നടനുള്ള രജതമയൂരം നേടി. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ മലയാളി നേഴ്സുമാരുടെ ജീവിതദുരിതമാണ് ടേക്ക് ഓഫിലെ പ്രമേയം. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇതാദ്യമായാണ് മലയാളി നടി രജതമയൂരം നേടുന്നത്. ഈ ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഉത്തര്‍പ്രദേശ് മന്ത്രി റീത്ത ബഹുഗുണ ജോഷി പാർവതിക്ക് പുരസ്കാരം സമ്മാനിച്ചു. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
നഹേല്‍ പെരസ് ബിസ്കയാര്‍ട്ട് 120 ബിപിഎമ്മില്‍
ലൈംഗികപീഡനം നേരിട്ട് കണ്ട ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടിവരുന്ന മാനസികസംഘര്‍ഷം വരച്ചുകാട്ടുന്ന ചൈനീസ് ചിത്രം ഏഞ്ചല്‍സ് വെയര്‍ വൈറ്റിന്റെ ഒരു സംവിധായിക വിവിയന്‍ വൈറ്റിനാണ് മികച്ച സംവിധായികയ്ക്കുള്ള രജതമയൂരം. ഐസിഎഫ്ടി യുനെസ്കോ ഗാന്ധി അവാര്‍ഡ് മനോജ് കദാമ സംവിധാനം ചെയ്ത മറാത്തി ചിത്രം ക്ഷിതിജ് എ ഹൊറൈസോണ്‍ കരസ്ഥമാക്കി. നവാഗതസംവിധായകനുള്ള രജതമയൂരത്തിന് ബൊളീവിയന്‍ ചിത്രമായ ഡാര്‍ക് സ്കള്‍ സംവിധാനം ചെയ്ത കീരോ റൂസോ അര്‍ഹനായി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കനേഡിയന്‍ സംവിധായകന്‍ ആറ്റം ഇഗോയാനും ഇന്ത്യയിലെ ചലച്ചിത്രവ്യക്തിത്വത്തിനുള്ള പുരസ്കാരം നടന്‍ അമിതാഭ് ബച്ചനും സമ്മാനിച്ചു.
2014ല്‍ ഇറാഖിലെ തിക്രിത്തില്‍ 46 ഇന്ത്യന്‍ നേഴ്സുമാരെ തീവ്രവാദികള്‍ തടങ്കലിലാക്കിയതിനെ ആസ്പദമാക്കിയാണ് ടേക്ക് ഓഫ് ഒരുക്കിയത്. ചിത്രത്തില്‍ സമീറയെന്ന മലയാളി നേഴ്സായി വേഷമിട്ട പാര്‍വതി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ജൂറി വിലയിരുത്തി.