തിരുവനന്തപുരം:മാഗി നൂഡില്‍സിന്റെ വില്പന സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജില്ലാതല ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. എല്ലാ ബ്രാന്‍ഡഡ് നൂഡില്‍സുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച്, ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (എം.എസ്.ജി.) അടക്കമുള്ള രുചിവര്‍ധക രാസവസ്തുക്കളുടെ അമിതോപയോഗം തടയുന്നതിന് ഹോട്ടലുകളും റസ്‌റ്റോറന്റുകളും കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കും.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അതതു ദിവസങ്ങളില്‍ത്തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതികളില്‍ കെട്ടിക്കിടക്കുന്ന മായംചേര്‍ക്കല്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നതിന്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കുവാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ് സെക്രട്ടറി ജി. കമലവര്‍ധന റാവു, ഫുഡ്‌സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍, എന്‍ഫോഴ്‌സമെന്റ് വിഭാഗം ജോയിന്റ് കമ്മീഷണര്‍ ഡി. അഷറഫ്, അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഡി. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.