തിരുവനന്തപുരം:'വജ്രകേരളം' ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ നാടന്‍ കലാരൂപങ്ങള്‍ക്ക് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അരങ്ങൊരുങ്ങും. ഡിസംബര്‍ 10 മുതല്‍ 15 വരെ വൈകിട്ട് 7.30 ന് ടാഗോര്‍ തിയേറ്ററിലാണ് പരിപാടികള്‍. നാടന്‍പാട്ടുകള്‍, ഗോത്രനൃത്തങ്ങള്‍, മുടിയേറ്റ്, ചവിട്ടുനാടകം, തോല്‍പ്പാവക്കൂത്ത്, അറബനമുട്ട് എന്നിവയാണ് അരങ്ങിലെത്തുന്ന കലാരൂപങ്ങള്‍.
ഡിസംബര്‍ 10 ന് രസ ബാന്റിന്റെ സംഗീതവിരുന്നോടെയാണ് തുടക്കം. നാടന്‍പാട്ടും പാശ്ചാത്യസംഗീതവും സമന്വയിപ്പിക്കുന്ന ഈ സംഗീതവിരുന്നിന് രശ്മി സതീഷ് നേതൃത്വം നല്‍കും. 11 ന് വയലില്‍ ഗ്രൂപ്പിന്റെ മുളകൊണ്ടുള്ള വാദ്യമേളം അരങ്ങേറും. വിനോദ് നമ്പ്യാര്‍ നേതൃത്വം നല്‍കുന്ന ഈ സംഗീതപരിപാടിയില്‍ സ്ത്രീകളും പുരുഷന്മാരും ഒത്തുചേരും. തുടര്‍ന്ന് നാടന്‍പാട്ടിനെ ജനകീയമാക്കിയ കുട്ടപ്പന്‍ വേദിയിലെത്തും. 12 ന് മൊയ്തു തിരുവത്ര നയിക്കുന്ന അറബനമുട്ടും തുടര്‍ന്ന് വയനാട്ടിലെ ഇരുളര്‍ സമുദായത്തിന്റെ ഇരുളനൃത്തവും അരങ്ങേറും. അട്ടപ്പാടിയിലെ പഴനിസ്വാമിയാണ് ഇരുളനൃത്തത്തിന് നേതൃത്വം നല്‍കുന്നത്. 13 ന് മധ്യതിരുവിതാംകൂറിന്റെ തനത് കലാരൂപമായ മുടിയേറ്റ് നടക്കും. 14 ന് അജിത്കുമാറും സംഘവും അവതരിപ്പിക്കുന്ന ചവിട്ട് നാടകം അരങ്ങിലെത്തും. രാമായണചരിതത്തെ ദൃശ്യവത്കരിക്കുന്ന തോല്‍പ്പാവക്കൂത്തോടെയാണ് ഡിസംബര്‍ 15 ന് നാടന്‍കലകളുടെ അവതരണം സമാപിക്കുന്നത്.