ഫാ. എം.പി. ജോർജ്
തിരുവനന്തപുരം: ജന ഗണ മന പാടുമ്പോൾ എഴുന്നേറ്റു നിന്നാൽപ്പോര സിരകളിൽ ചുടുരക്തമോടണമെന്ന് മലയാളത്തിലെ ആദ്യത്തെ സിംഫണി ഒരുക്കിയ ഫാ. എം. പി. ജോർജ് പറഞ്ഞു. വൈ എം സി എ ആശയവേദിയിൽ നിത്യജീവിതത്തിൽ സംഗീതത്തിന്റെ പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സിനിമയിൽ നല്ല സംഗീതമില്ല. ഇന്ന് സിനിമ സംഗീതം തരംതാണുപോകുകയാണ്. പുലിമുരുകൻ സിനിമ അടുത്തിടെ ഞാൻ കണ്ടു. അതുകണ്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല. ആ സിനിമയിലെ അനിമേറ്റർക്കാണ് അവാർഡ് നൽകേണ്ടത്. അതിനേക്കാളും എത്രയോ നല്ല സിനിമകൾ ഉണ്ടാകുന്നു. എന്ത് സന്ദേശമാണ് ആ സിനിമക്ക് സമൂഹത്തിനു കൊടുക്കാവാനുള്ളത് എന്ന് അദ്ദേഹം ചോദിച്ചു.
സംഗീതം, നൃത്തം, വേഷം എന്നിവയിൽ നാം ഇന്ന് പാശ്ചാത്യരെ അന്ധമായി അനുകരിക്കുകയാണ്. വരും തലമുറയ്ക്ക് ശുദ്ധ സംഗീതം നൽകാൻ നമുക്ക് കഴിയണം. ആ സംഗീതം കേട്ട് ആസ്വദിക്കാനും കഴിയണം. പാടുന്നതും ആസ്വാദനവും രണ്ടും കലയാണ്. ആസ്വദിക്കുന്നവർ പാടാറില്ല പാടുന്നവർ ആസ്വദിക്കാറില്ല.ആസ്വാദകർക്ക് ബുദ്ധി കൂടുതലും പാടുന്നവർക്ക് അത് കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മ്യൂസിക് തെറാപ്പിയുടെ സ്വ അനുഭവഗുണത്തെപ്പറ്റി വാചാലനായ അദ്ദേഹം അതിനെ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞു. ചടങ്ങിന്റെ അധ്യക്ഷൻ വൈ എം സി എ പ്രസിഡന്റ് വി കെ തോമസ് ഫാ. എം. പി. ജോർജിനെ പൊന്നാടയണിയിച്ചാദരിച്ചു. ആശയവേദി കൺവീനർ ജെയിംസ് ജോസഫ് സ്വാഗത പ്രസംഗം നടത്തി.