തിരുവനന്തപുരം: കണ്ണൂരിൽ ഞാനില്ലാത്തപ്പോഴാണ് അവിടെ അക്രമ രാഷ്‌ടീയം കൊടുമ്പിരി കൊണ്ടത്. ആ കാലത്ത് സിനിയമയിൽ പ്രവർത്തിക്കാൻ വേണ്ടി ഞാൻ ചെന്നൈയിലായിരുന്നു. അന്ന് ചെന്നൈയിലേക്ക് വണ്ടികയറാതിരുന്നുവെങ്കിൽ ഞാനും അക്രമരാമരാഷ്ട്രീയത്തിനിരയായേനെ. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് ചായ്‌വോ വിശ്വസമോ വച്ച് പുലർത്തിയില്ലെങ്കിൽ കൂടി അവിടത്തെ രാഷ്ട്രീയം എന്നെയും അതിലേക്ക് നയിച്ചേനെയെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞു. ഇന്ദിര രചന നിർവഹിച്ച് സംവിധാനം ചെയ്ത 'കെതാർസിസ്' എന്ന ഹ്രസ്വ ചിത്രം കണ്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ രാഷട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പ്രസ്താവനകളിൽ പ്രചോദിതമായി ഇന്ദിര രൂപം കൊടുത്ത ഷോർട്ട് ഫിലിമാണിത്. കലാഭവനിൽ പ്രദർശിപ്പിച്ച മുപ്പത്തഞ്ചു മിനുട്ട് ദൈർഘ്യം വരുന്ന സിനിമ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ വേദനയാണ് പകർന്നു തരുന്നത്. ജയിൽ മോചിതനായ അക്രമിയും ജീവച്ഛവമായി കിടക്കുന്ന ഇരയും തമ്മിലുള്ള കുടിക്കാഴ്ചയിലൂടെ പുരോഗമിക്കുന്ന സിനിമ രണ്ടുപേരുടെയും തിരിച്ചറിവിലൂടെ പൂർണമാകുന്നു.