തിരുവനന്തപുരം: സപ്തദിനം നീണ്ട കേരള രാജ്യാന്തര ചലച്ചിത്ര ഉത്സവത്തിനു ഇന്ന് സമാപനം കുറിക്കാനിരിക്കെ, തിരുവോണത്തിന്റെ തലേനാളത്തെ ഉത്രാടപ്പാച്ചിലിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നല്ല സിനിമകൾ എന്ന് ഗ്യാതി നേടിയവ കാണാൻ തീയേറ്ററിന് മുന്നിൽ നീണ്ട നിരയായിരുന്നു. ഇരിപ്പിടമില്ലെങ്കിലും അകത്തേക്ക് കടത്തിവിട്ടാൽ എങ്ങനെയും കാണാം എന്ന് വിചാരിച്ച് നല്ല വെയിലത്ത് ക്യൂ നിന്ന പലർക്കും നിരാശയോടെ മടങ്ങേണ്ടിവന്നു. നിരാശ വേദനയായപ്പോൾ പൂട്ടിയ തീയറ്റർ ഗ്രില്ലിൽ പിടിച്ച് ഒന്ന് കടത്തിവിടാൻ യാചിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മേളയ്ക്ക് നിലത്തിരുന്നു നിന്നും കണ്ടതിന്റെ അനുഭവത്തിലാണ് പലരും ദയനീയ യാചന നടത്തിയത്. അജന്തയിൽ പ്രദർശിപ്പിച്ച ഉദ്ഘാടന ചിത്രമായ ദി ഇൻസൾട്ടിനാണ് ഇങ്ങനെയൊരനുഭവം. ആ ചിത്രം കാണാതെ മടങ്ങേണ്ടി വന്നവർ തങ്ങൾ ഇൻസൾട്ട് ചെയ്യപ്പെട്ടതായി പറയുന്നുണ്ടായിരുന്നു. റിസർവേഷൻകാരും അല്ലാത്തവരുടെയും വലിയ ഒരു നിരയാണ് ആ ചിത്രത്തിനുവേണ്ടി ഉണ്ടായിരുന്നത്.
ഉത്രാടപ്പാച്ചിൽ കഴിഞ്ഞാൽ തിരുവോണമാണ്. ഡെലിഗേറ്റ്സിനെ ആ ദിനമാണ് ഇന്ന്. സുവർണ രജത ചകോരങ്ങളുൾപ്പെടയുള്ള പുരസ്കാരങ്ങൾ നൽകപ്പെടുന്ന ദിനം. തങ്ങൾ കണ്ടു വിലയിരുത്തി വോട്ട് നൽകിയ ചിത്രങ്ങൾക്കാണോ പുരസ്കാരമെന്ന് അറിയുന്ന ദിനം. മികച്ച സംവിധാനത്തിനും നവാഗത സംവിധാനത്തിനുമുള്ള രജത ചകോരം, പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം, ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍, മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം എന്നിവയാകും സമ്മാനിക്കുക.
വൈകിട്ട് 6 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിക്കും.