ക്യൂട്ട് മിനി മൂവി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. മുഖ്യ സംഘാടകനായ സതീഷ് പി. കുറുപ്പാണ് അഷ്ടമംഗല്യവിളക്ക് പിടിച്ചിരിക്കുന്നത്.
തിരുവനന്തപുരം : സ്‌ക്രീന്‍പ്ലേയല്ല നാടക പുസ്തകങ്ങളാണ് അഭിരുചിയുളളവര്‍ വായിച്ചു മനസ്സിലാക്കേണ്ടതെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മൂവി ലവേഴ്‌സ് അസോസിയേഷന്റെയും കര്‍ട്ടണ്‍ റെയ്‌സറിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്യൂട്ട് മിനി മൂവി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സമയത്ത് പുതിയ നാടകങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയാല്‍ അത് പ്രസിദ്ധീകരിക്കപ്പെടുമായിരുന്നു. ഇന്നിപ്പോള്‍ നാടകങ്ങളൊന്നും പുസ്തക രൂപത്തില്‍ ഇറങ്ങുന്നില്ല. നാടക പുസ്തകങ്ങളോട് പ്രസാധകര്‍ക്ക് താല്പര്യമില്ല. അതിന്റെ വില്‍പ്പന നടക്കുന്നില്ലായെന്നതാണ് കാരണം. അതിനുപകരം മുമ്പൊന്നും ഇല്ലാതിരുന്ന കാഴ്ചയാണ് ഇന്നുളള സ്‌ക്രീന്‍പ്ലേ വില്‍പ്പന. അതിന്റെ ഒരുപാട് കോപ്പി ലഭിക്കുന്നുണ്ട്. അതു വായിച്ചിട്ട് വേണം പലര്‍ക്കും പോയി സീരിയല്‍ എഴുതാന്‍. ശരിക്കും നാടകമാണ് വായിച്ച് മനസ്സിലാക്കേണ്ടത്. സ്‌ക്രീന്‍പ്ലേ എന്ന് പറയുന്നുണ്ടെങ്കിലും അതിനുവേണ്ടുന്ന ഗുണമൊന്നും അവയില്‍ കാണത്തില്ല. കുറേ ഡയലോഗും സീന്‍ നമ്പരും എഴുതി വയ്ക്കുന്നതാണ് സ്‌ക്രീന്‍പ്ലേ എന്നു പലരും ധരിച്ചുവച്ചിരിക്കുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നാടകത്തില്‍ താല്പര്യമുളളവര്‍ക്ക് പരിശീലനത്തിനുളള അവസരം ലഭിക്കുക എന്നത് വലിയൊരു കാര്യമാണ് എന്ന് അടൂര്‍ പറഞ്ഞു. സിനിമയില്‍ സജീവമാകാന്‍ താല്പര്യമുളളവര്‍ക്കും ഡിജിറ്റല്‍ സംവിധാനങ്ങളുളളതു കാരണം പഴയ സങ്കീര്‍ണതകളൊന്നും സിനിമയുടെ കാര്യത്തില്‍ ഇപ്പോഴില്ല. പക്ഷേ, അത്യാവശ്യമായി വേണ്ടത് ക്രിയേറ്റിവിറ്റിയാണ്. അതായത് സൃഷ്ടിപരമായ കഴിവുകള്‍ അതിന്റെ പിന്നിലുണ്ടാകണം. പുസ്തകം വായിക്കുന്നവരെല്ലാം എഴുത്തുകാരാകുന്നില്ല എന്നു പറഞ്ഞതുപോലെ സിനിമ എടുക്കുന്നതിനുളള സാങ്കേതിക സൗകര്യങ്ങള്‍ എളുപ്പമായി ഉണ്ടെങ്കിലും അതുകൊണ്ടു മാത്രം ഒരു സിനിമ ഉണ്ടാകുന്നില്ല. സിനിമ എന്ന മാധ്യമത്തെകുറിച്ച് കൃത്യമായ ധാരണയും സൗന്ദര്യാത്മകതയില്‍ അറിവും ഉണ്ടാകണമെന്നു അടൂര്‍ പറഞ്ഞു. നാടകാചാര്യനായിരുന്നു പ്രൊഫസര്‍ ജി.ശങ്കരപിളളയുടെ പ്രവര്‍ത്തനങ്ങളെ അടൂര്‍ അനുസ്മരിച്ചു.
സതീഷ് പി. കുറിപ്പിന്റെ നേതൃത്വത്തില്‍ നടന്നആക്ടിംഗ് വര്‍ക്ക്‌ഷോപ്പ്
മുഖ്യ സംഘാടകനായ സതീഷ് പി.കുറുപ്പിന്റെ കൈയിലുണ്ടായിരുന്ന അഷ്ടമംഗല്യ വിളക്കില്‍ മെഴുകുതിരി കൊണ്ട് കൊളുത്തിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പരിപാടിയുടെ കണ്‍വീനറായ പി. ദിലീഷ് അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സുഖാന്ത്യം എന്ന ഹ്രസ്വ ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. കര്‍ട്ടണ്‍ റെയ്‌സറിന്റെ തിരകള്‍ അറിയുന്നുവോ, മൂവി ലവേഴ്‌സ് അസോസിയേഷന്റെ സോംഗ് ഓഫ് സൈലന്‍സ് എന്നീ ഹ്രസ്വ ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
ഹംഗോറിയന്‍ നാടകത്തെ ആസ്പദമാക്കി സതീഷ് പി. കുറിപ്പ് സംവിധാനം ചെയ്ത ഉരുളയ്ക്ക് ഉപ്പേരി എന്ന സ്വതന്ത്ര രംഗാവതരണവും അരങ്ങേറി. ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് ചലച്ചിത്ര നിരുപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ മൊമെന്റോ വിതരണം ചെയ്തു. സതീഷ് പി. കുറിപ്പിന്റെ നേതൃത്വത്തില്‍ ആക്ടിംഗ് വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു. കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ബിനു ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. ഫുട് ലൂസേഴ്‌സിലെ കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സോടുകൂടി ക്യൂട്ട് മിനി മൂവി ഫെസ്റ്റിവല്‍ സമാപിച്ചു.