Mobirise Website Builder v4.9.3
CINEMA11/11/2015

വിന്‍സന്റ് മാസ്റ്റര്‍ ചിത്രങ്ങള്‍ ഐ എഫ് എഫ് കെയില്‍

ayyo news service
തിരുവനന്തപുരം:ഇന്ത്യന്‍ സിനിമയിലെ തന്നെ സാങ്കേതിക മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച പ്രശസ്ത സംവിധായകന്‍ അലോഷ്യസ് വിന്‍സന്റ് എന്ന വിന്‍സന്റ് മാസ്റ്ററോടുള്ള ആദരസൂചകമായി ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍  അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

മലയാള ചലച്ചിത്രമേഖലയ്ക്ക് അടിത്തറയിട്ട പ്രമുഖരിലൊരാളായ വിന്‍സന്റ് മാസ്റ്ററെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപതാം പതിപ്പില്‍ ഓര്‍മ്മിക്കുന്നത് വളരെ അര്‍ത്ഥവത്താണെന്ന് പ്രണാമചിത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു.

ചലച്ചിത്രപ്രവര്‍ത്തനത്തിലെ മികവുകൊണ്ട് ഒരു തലമുറയെ മുഴുവന്‍ പ്രചോദിപ്പിച്ച വ്യക്തിയായിരുന്നു വിന്‍സന്റ് മാസ്റ്റര്‍. ഇന്ത്യന്‍ സിനിമയിലെ അതികായരിലൊരാളായിരുന്ന അദ്ദേഹത്തോട് പിന്‍തലമുറയിലെ സംവിധായകരും കലാസംവിധായകരും ഛായാഗ്രാഹകരും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും വളരെയധികം കടപ്പെട്ടിരിക്കുന്നെന്നും ഹരിഹരന്‍ പറഞ്ഞു.

മലയാള ചിത്രങ്ങള്‍ക്കൊപ്പം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം വിന്‍സന്റ് മാസ്റ്റര്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. പ്രസിദ്ധ തമിഴ് സംവിധായകനായ ശ്രീധരന്‍, മലയാളത്തില്‍ പി ഭാസ്‌കരന്‍, രാമു കാര്യാട്ട് തുടങ്ങിയ പ്രഗല്‍ഭരായ സംവിധായകരോടൊപ്പം മാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  മുപ്പതോളം ചിത്രങ്ങള്‍ അദ്ദേഹം വിവിധ ഭാഷകളില്‍ സംവിധാനം ചെയ്തിട്ടുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ 1964 ല്‍ നിര്‍മ്മിച്ച ഭാര്‍ഗ്ഗവീനിലയമാണ് വിന്‍സന്റ് മാസ്റ്ററുടെ ആദ്യസംവിധാന സംരംഭം. 1965 ല്‍ അദ്ദേഹം സംവിധാനം ചെയ്ത മുറപ്പെണ്ണ് ആണ് ആദ്യമായി അഭ്രപാളിയിലെത്തുന്ന എംടി വാസുദേവന്‍ നായരുടെ രചന.


Views: 1922
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY