തിരുവനന്തപുരം:മലയാളത്തിന്റെ ആദ്യ സൂപ്പര് താരം കൃഷ്ണൻ നായരെന്ന ജയന് ഈ ലോകത്തോട് വിടപറഞ്ഞിട്ട് 35 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന. സാഹസികതയുടെ അവസാനവാക്കായ ജയന് കോളിളക്കം സിനിമയിലെ ക്ലൈമാക്സ് രംഗ ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് 1980 നംബര് 16 നു മരണപ്പെട്ടു. അന്ന് ജയന് 41 വയസായിരുന്നു.
72ൽ സിനിമയിൽ വന്ന ജയന് 120 സിനിമകളിൽ അഭിനയിച്ചാണ് വിധിക്ക് കീഴടങ്ങിയത്. 78 മുതൽ 80 വരെ ഈ രണ്ടുവര്ഷത്തിനിടക്കാണ് ജയൻ ഏറ്റവും കൂടുതൽ സിനിമകളിൽ പ്രധാന താരമായി തിളങ്ങിയത്. 76 സിനിമകൾ വരും അത്. എല്ലാം പണം വാരി ചിത്രങ്ങൾ.
ജയന്റെ അവിചാരിത മരണം ആരാധകരെ മാത്രമല്ല മലയാള സിനിമ വ്യവസായത്തെ തന്നെ കണ്ണിരിലാഴ്ത്തിയ കാലഘട്ടമായിരുന്നു അത്. ജയൻ നായകനാകേണ്ടിയിരുന്ന നിരവധി ചിത്രങ്ങൾ ഉപേക്ഷിക്കുകയും മറ്റു പുതിയ താരങ്ങൾക്കു വഴിതുറക്കുകയും ചെയ്തു. പക്ഷെ, ജയന്റെ ആരാധകർക്ക് ആ നടൻ ഒഴിച്ചിട്ട സിംഹാസനത്തിൽ മറ്റൊരു നടനെയും ഇനിയും സങ്കൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
മറ്റു നടന്മാര് ജയൻ ആകാൻ നോക്കി പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ജയന്റെ ഡ്യുപ്പില്ലാതെയുള്ള ജീവൻ പണയം വച്ചുള്ള സാഹസിക പ്രകടനങ്ങളും, ശരീരസൗന്ദര്യവും, നടപ്പഴകും, ഗാംഭീരശബ്ദവും, പൗരുഷഭാവങ്ങളും പൂര്ണതയിലെത്തിക്കാൻ ഒരു നടനും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരാധക മനസ്സിൽ ജയൻ ഇന്നും ജീവിക്കുന്നു സുപ്പര് താരമായി. ഒരിക്കലും മരണമില്ലാതെ.