തിരുവനന്തപുരം: സംസ്ഥാനത്തിന് മാതൃകയായി എല്ലാവിധ നൂതന മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിച്ചായിരിക്കും തൃശൂർ പൂരം. പടക്കങ്ങള്‍ക്ക് നിരോധനമുണ്ടാകില്ല. പടക്കത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ പൊട്ടാസ്യം ക്‌ളോറൈറ്റിനായിരിക്കും നിരോധനം. വീര്യം കുറഞ്ഞ മറ്റു പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പടക്കം നിര്‍മിക്കാം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ പോലുള്ളവ സര്‍ക്കാര്‍ അംഗീകാരം വാങ്ങി ഉപയോഗിക്കാം. കൂടാതെ എച്ച്എല്‍ആര്‍ (ഹൈ വോള്യം ലോങ് റേഞ്ച്) മോണിറ്റര്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് സിസ്റ്റം പ്രവര്‍ത്തിച്ച് തീ അണയ്ക്കുന്ന സംവിധാനം മന്ത്രി സുനില്‍കുമാറിന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കും. സുരക്ഷാ ക്രമീകരണത്തിനായി പ്രത്യേകം ബാരിക്കേഡുകള്‍ സ്ഥാപിക്കും. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ലൂമിനസ് ജാക്കറ്റ് നല്‍കും. അതിവേഗം തീപിടിത്തം നിയന്ത്രണവിധേയമാക്കാനും നിര്‍ത്താനും ക്വിക് മാച്ച്ഫ്യൂസ് സിസ്റ്റം ഘടിപ്പിക്കും. എല്ലാ മാനദണ്ഡവും കര്‍ശനമായി പാലിക്കാന്‍ രണ്ട് പൂര കമ്മിറ്റിക്കും നിര്‍ദേശം നല്‍കും.
വ്യവസായ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്
തീരുമാനം. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി നളിനി
നെറ്റോ, പൂരം ചുമതലയുള്ള സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍, റവന്യൂ
പ്രിന്‍സിപ്പല്‍ സെക്രട്ടറി, എസ്പി, തഹസില്‍ദാര്‍, മറ്റ് ഉന്നത
ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.