ശ്രീകുമാരൻ തമ്പി, സുഗതകുമാരി, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
തിരുവനന്തപുരം: സ്വരജ്ഞാനമുള്ള കർണാടക സംഗീതജ്ഞനായ കമുകറയെക്കൊണ്ട് 250 പാട്ടുകൾ പാടിക്കാൻ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യ മാണ്. അതിന്റെ എല്ലാ ക്രെഡിറ്റും ആകാശവാണിക്കാണ്. ഈ സ്ഥാപനം ഉള്ളതുകൊണ്ടാണ് ഞാൻ ഞാനായതും കാമുകറയെക്കൊണ്ടു പാടിക്കാൻ സാധിച്ചതും. അതിനു സ്ഥാപനത്തോട് കടപ്പാട് അറിയിക്കുന്നു എന്ന് ഇരുപത്തതൊന്നാമത് കമുകറ അവാർഡ് സുഗതകുമാരിയിൽ നിന്ന് സ്വീകരിച്ച് സംഗീതജ്ഞൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് പറഞ്ഞു ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും കാൽലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ പുരസ്കാരം.
ഞാനേറ്റവും ഇഷ്ട്ടപ്പെടുന്ന പാട്ട് കമുകറയുടെ ഏകാന്തതയുടെ അപാരതീരമാണ്. ആ വാക്കുകളുടെ അർഥം എനിക്കറിയാം. ഏകാന്തത എന്നും അനുഭവിച്ച ആളാണ് ഞാൻ. എങ്കിലും ആർക്കും വേണ്ടാത്തവരെ ചേർത്തുപിടിക്കാൻ കവികൾക്ക് കഴിയും എന്നും ഉദ്ഘാടന പ്രസംഗത്തിൽ സുഗതകുമാരി പറഞ്ഞു.
മലയാള സിനിമയുടെ ആദ്യ ഭാവഗായകനാണ് കമുകറ. ശാസ്ത്രീയസംഗീതം, പ്രണയഗാനം , നാടൻ പാട്ടുകൾ എന്നിവ പാടാൻ കഴിയുമെന്ന് കമുകറ തെളിയിച്ചിട്ടുണ്ട് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. കമുകറ പുരുഷോത്തമനോടൊപ്പം ഗാനമേളകളിൽ പ്രവർത്തിച്ചിരുന്ന സംഗീതജ്ഞരായ അക്കോർഡിയൻ വേണു, ജോയ് തോട്ടം ( ഹാർമോണിയം), ജെറാൾഡ് (വയലിൻ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അക്കോർഡിയൻ വേണു പുരസ്കാരം സ്വീകരിക്കുന്നു.
ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒഎൻവി അധ്യക്ഷം വഹിച്ച ചടങ്ങിൽ, ബേബി മാത്യു ആശംസയർപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പി വി ശിവൻ സ്വാഗതവും, രക്ഷാധികാരി ചന്ദ്രസേനൻ നായർ നന്ദിയും പറഞ്ഞു. ചടങ്ങിനെ തുടർന്ന് പ്രശസ്ത ഗായകർ അണിനിരന്ന ഓർമപ്പുവ് സംഗീത നിശ അരങ്ങേറി.