തിരുവനന്തപുരം: ധീരതയുടെ എക്കാലത്തെയും മികച്ച പര്യായമായിരുന്നു കെ.ഇ.മാമ്മന്റെ തലമുറ. അക്കാലത്ത് ഭരിക്കുന്നവര്‍ക്കെതിരേ സമരത്തിനിറങ്ങിയാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന സാഹചര്യമായിരുന്നു. അമ്മേ ഞങ്ങള്‍ പോകുന്നു, വന്നില്ലെങ്കില്‍ കരയരുത് എന്നൊക്കെയായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങളെന്ന് കെ.ഇ. മാമ്മന്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വിജെടി ഹാളില്‍ തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ഒട്ടേറെ ധീര ദേശാഭിമാനികള്‍ വെടിയുണ്ടകളെയും കൊടിയ മര്‍ദനങ്ങളെയും കൂസാതെയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ മോചനത്തിനുമായി പോരാടിയത്.
അദ്ദേഹം ഈയടുത്ത കാലത്ത് നടത്തിയ സമരരൂപങ്ങള്‍ നമ്മുടെ മനസ്സിലുണ്ട്. ഒറ്റയാള്‍ സമരം എന്ന രൂപത്തില്‍ മാത്രം അവയെ കണ്ടാല്‍ പോരാ. അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ധന്യമായ ജീവിതചരിത്രവും നാം ഓര്‍ക്കണം. നാടിനോടും ജനങ്ങളോടുമുള്ള സ്‌നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളുടെ കാതല്‍. ഇങ്ങനെയുള്ള ഒരാള്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് പുതിയ തലമുറയെ നാം അറിയിക്കണം. അതിനായി എന്തു ചെയ്യാനാകുമെന്ന് നാം കൂട്ടായി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശയ്യാവലംബിയായിക്കിടക്കുന്ന സമയത്തുപോലും നാടിന്റെ പ്രശ്‌നങ്ങളെയോര്‍ത്തു സങ്കടപ്പെട്ട മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മേയര്‍ വികെ. പ്രശാന്ത് അനുസ്മരിച്ചു. കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, ചെറിയാന്‍ ഫിലിപ്പ്, അഡ്വ. അയ്യപ്പന്‍പിള്ള, സി.പി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.