തിരുവനന്തപുരം:അപാകതകള്‍ പരിഹരിച്ച് ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എകെഎസ്ടിയു നേതൃത്വത്തില്‍ അധ്യാപകര്‍ ഡയറക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഹയര്‍ സെക്കന്ററി അധ്യാപകരുടെ ജനാധിപത്യാവകാശം സംരക്ഷിച്ചു നല്‍കാന്‍ ഡയറക്ടറേറ്റ് തയ്യാറാകണമെന്ന് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു സ്ഥലംമാറ്റപട്ടികയെ സംബന്ധിച്ചുള്ള ആക്ഷേപം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ.കെ. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, അജിത് പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.