ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം(84) അന്തരിച്ചു. ഷില്ലോങ് ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവര്‍ത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്‌ന പുരസ്‌കാരവും പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അബൂല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം 1931 ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഭൂജാതനായത്. മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.