തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്. നാളത്തെ സുപ്രീം കോടതി വിധിക്കുശേഷം തുടര്‍നടപടികളെന്തെന്നു വിശദമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന കരാറില്‍ ഉടനടി മാറ്റം വരുത്താന്‍ കഴിയില്ലെന്നും മന്ത്രി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും സര്‍ക്കാര്‍ പ്രതിഷേധക്കാരെ അറിയിച്ചു. നിയമസഭാ മന്ദിരത്തില്‍ നടന്ന ചര്‍ച്ചയില്‍ എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് യൂത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത്.

അതിനിടെ സ്വാശ്രയ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത്‌കോണ്‍ഗ്രസ്‌കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റ് പടിക്കലുണ്ടായ പൊലീസ് ലാത്തിചാര്‍ജില്‍ എട്ടു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.