NEWS02/04/2020

കോവിഡ്19: ജാഗ്രത വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കോവിഡ് ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തും
ayyo news service
തിരുവനന്തപുരം: രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാര്‍ച്ച് അഞ്ചു മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. അത്തരക്കാര്‍ ദിശ നമ്പരിലേക്ക് വിളിച്ച് എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കണം. സമൂഹവ്യാപനം തടയാന്‍ 60 വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി അവര്‍ ഇടപഴകരുത്.

തിരുവനന്തപുരത്തെ പോത്തന്‍കോട്ട് ശക്തമായ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍, അത് ജനജീവിതം സ്തംഭിക്കുന്ന നിലയിലേക്ക് പോകരുത്. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തെ അകറ്റിനിര്‍ത്തുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സമൂഹത്തിലും ശ്രദ്ധയുണ്ടാകണം. ആരും വൈറസ് ഭീഷണിക്കതീതരല്ലെന്ന് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മനസിലാക്കി മുന്‍കരുതലോടെയുള്ള പ്രവര്‍ത്തനവും ബോധവത്കരണവും വേണം.

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ 157 പേരാണ് കേരളത്തില്‍നിന്ന് പങ്കെടുത്തത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ളവരുണ്ട്. ഇവരുടെ വിശദാംശം സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. രോഗം സംശയിക്കുന്ന ആളുകള്‍ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാണ്. ചിലര്‍ ഡല്‍ഹിയില്‍ തന്നെയാണുള്ളത്.

സംസ്ഥാനത്തെ കോവിഡ് ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തും. ആശുപത്രികള്‍ക്കു പുറമെ ലോഡ്ജ്, ടൂറിസ്റ്റ് ഹോമുകള്‍, ഹോസ്റ്റലുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവിടങ്ങളില്‍ ഒരുലക്ഷത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കി. അടിയന്തര സാഹചര്യം വന്നാല്‍ ഇവ ഉപയോഗിക്കും.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് ഇതുവരെ 1663 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാനുള്ള തിരക്കില്‍ മറ്റ് രോഗങ്ങളെയും രോഗപകര്‍ച്ചയെയും കാണാതിരിക്കരുത്. സിക്ക വൈറസ്, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പരിസര ശുചീകരണവും ആവശ്യമായ കരുതലും ഒരു കാരണവശാലും ഇല്ലാതാവരുത്. പരിസരങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം.

ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. അതോടൊപ്പം മാലിന്യശേഖരണം നടത്തേണ്ടതുമുണ്ട്. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും മാലിന്യസംസ്‌കരണ സംവിധാനമൊരുക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണം. തദ്ദേശസ്ഥാപനങ്ങള്‍നേതൃത്വം നല്‍കി ഏകോപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.



Views: 1087
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024