തിരുവനന്തപുരം: നാഷണല്‍ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിസൈനിന്റെ സഹകരണത്തോടെ കേരള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിസൈനില്‍ (കെ.എസ്.ഐ.ഡി.) ബിരുദാനന്തര കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. ഡിസൈന്‍ പഠനരംഗത്തെ ആധികാരിക സ്ഥാപനമായ നാഷണല്‍ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിസൈനിന്റെ സഹകരണം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യസ്ഥാപനമാണ് കേരള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിസൈനെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ചന്ദനത്തോപ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കെ.എസ്.ഐ.ഡി.യില്‍ ഇന്റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈന്‍, ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍, ഐ.ടി. ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ എന്നീ ബിരുദാനന്തര കോഴ്‌സുകളാണ് ആരംഭിക്കുന്നത്. കോഴ്‌സുകള്‍ ആഗസ്റ്റ് 24 ന് തുടങ്ങും. ഡിസൈന്‍ ഇൻസ്റ്റിറ്റ്യുട്ട് കേരളത്തിന്റെ പരമ്പരാഗത മേഖലകള്‍ക്കും അതിനൂതന ഡിസൈന്‍ രംഗത്തും മികച്ച മാറ്റത്തിന് വഴിതുറക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നൈപുണ്യവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന് കീഴിലാണ് കെ.എസ്.ഐ.ഡി. പ്രവര്‍ത്തിക്കുക.
കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി, അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം, സാംസ്‌കാരി പരിപാടികള്‍ക്കുള്ള ആംഫി തിയേറ്റര്‍, കരിയര്‍ ഗൈഡന്‍സ് സെന്റര്‍, ഹോസ്റ്റല്‍ എന്നിവ കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്. കോഴ്‌സുകള്‍ക്കൊപ്പംതന്നെ വിവിധ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് നൈപുണ്യ പരിശീലനം, പ്രാദേശികാടിസ്ഥാനത്തില്‍ ഉത്പന്ന വികസനം, സര്‍ക്കാര്‍സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കണ്‍സല്‍ട്ടന്‍സി സേവനം, ഡിസൈന്‍ മേഖലയില്‍ ഗവേഷണ സൗകര്യം തുടങ്ങിയവയും കെ.എസ്.ഐ.ഡി.യുടെ ലക്ഷ്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു.