തിരുവനന്തപുരം: സ്വാമി അയ്യപ്പന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ ഭാരതത്തിലെ അഞ്ചു കോടി ഭവനങ്ങളില്‍ തെളിയിക്കാനായി ശബരിമലയില്‍ നിന്നും പകര്‍ന്ന അയ്യപ്പജ്യോതി പ്രയാണത്തിന് തുടക്കമായി. ശബരിമല സന്നിധാനത്തുനിന്ന് ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് പകര്‍ന്നു നല്‍കിയ അയ്യപ്പജ്യോതി നേരത്തെ തന്നെ തലസ്ഥാനത്ത് എത്തിച്ചിരുന്നു. പത്മനാഭസ്വാമി കിഴക്കേനടയില്‍ വച്ച് നടന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ദീപം ഏറ്റുവാങ്ങി. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ നിലപാടെടുത്തവരുടെ അജ്ഞത അകറ്റുന്നതിനും അവര്‍ക്ക് നേര്‍ചിന്ത ഉണ്ടാകുന്നതിനും വേണ്ടിയാണ് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങി ഏഴു സംസ്ഥാനങ്ങളിലായി 5 കോടി വീടുകളില്‍ അയ്യപ്പജ്യോതി തെളിയിക്കുക. ഇതോടൊപ്പം മണ്ഡലപൂജ നടക്കുന്ന കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും ശാസ്താ ക്ഷേത്രങ്ങളില്‍ സന്നിധാനത്ത് നിന്നും കൊണ്ടുവന്ന ജ്യോതി തെളിയിക്കും. ക്ഷേത്രങ്ങള്‍ കൂടാതെ ആശ്രമങ്ങളും മഠങ്ങളും ദീപം ഏറ്റുവാങ്ങി. വൃശ്ചികം 1 ന് ആരംഭിക്കുന്ന മണ്ഡലകാലത്ത് 41 ദിവസം കൊണ്ടായിരിക്കും അയ്യപ്പജ്യോതി കോടിക്കണക്കിന് വീടുകളില്‍ എത്തിക്കുന്നത.് പത്മനാഭസ്വാമി ക്ഷേത്ര നടയില്‍ നടന്ന ജ്യോതി പ്രയാണ ഉദ്ഘാടന സമ്മേളനം പത്മനാഭസ്വാമിക്ഷേത്ര പുഷ്പാഞ്ജലി സ്വാമി ഉദ്ഘാടനം ചെയ്തു. ശബരിമല മാലികപ്പുറം മുന്‍ മേല്‍ശാന്തി ഈശ്വരന്‍ തമ്പൂതിരി അയ്യപ്പജ്യോതി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് കൈമാറി. ഗണേശോത്സവട്രസ്റ്റ് ശ്രീമണികണ്ഠ സേവാസംഘം കണ്‍വീനര്‍ ശൈലജാബീവി (ലാലി), അയ്യപ്പ ധര്‍മ്മ രക്ഷാസമിതി,ശിവസേന തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.