തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പത്രസമ്മേളത്തില്‍ പറഞ്ഞു. കോടതി പറയുന്നത് അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണുള്ളത്. മേയ് 16ന്റെ കോടതി വിധി പരിശോധിച്ച പ്രകാരമാണ് ബന്ധപ്പെട്ട പാതയിലെ മദ്യവില്‍പ്പനശാലകള്‍ വീണ്ടും തുറക്കുന്നതിനുള്ള സാഹചര്യം ഉണ്ടായത്. ഇക്കാര്യത്തില്‍ ഇന്നലെ കോടതി ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. കോടതി വിധി പാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്. കഴിഞ്ഞ ദിവസം കോടതിയുടെ പരാമര്‍ശം ഉണ്ടായ ഉടന്‍ തന്നെ അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട്, വീണ്ടും തുറന്ന മദ്യശാലകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. 14ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അപ്പോഴുള്ള വിധി സര്‍ക്കാര്‍ നടപ്പാക്കും. മദ്യശാലകള്‍ പൂട്ടുമ്പോള്‍ ഉണ്ടാവുന്ന തൊഴില്‍ നഷ്ടങ്ങളും സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുന്നതും ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.