കൊച്ചി: കേരളത്തിന്റെ ഐടി സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. ആറര ലക്ഷം ചതുരശ്ര അടി ഐടി ടവര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് ഇന്നു സ്മാര്‍ട്‌സിറ്റി പദ്ധതി പ്രദേശത്തു നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജ്യത്തിനു
സമര്‍പ്പിക്കുക. സ്മാര്‍ട്‌സിറ്റി രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടക്കും. മൂന്നു ഘട്ടങ്ങളായി നിര്‍മാണം നടത്തുന്ന പദ്ധതി 2020 ഓടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആദ്യ ഐടി ടവറിലെ സ്ഥലത്തിന്റെ മുക്കാല്‍ പങ്കും 27 ഐടി കമ്പനികള്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. അവയില്‍ പലരും ഇന്റീരിയര്‍ ജോലികളും ആരംഭിച്ചു. എന്നാല്‍, കമ്പനികളുടെ പേരുവിവരങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ മാത്രമേ പ്രഖ്യാപിക്കൂവെന്ന് വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്മാര്‍ട്‌സിറ്റി പദ്ധതി പ്രദേശത്തു നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പദ്ധതിയുടെ ആദ്യഘട്ടം രാജ്യത്തിനു സമര്‍പ്പിക്കുക. യുഎഇ മന്ത്രിയും ദുബായ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിംഗ്‌സ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, വ്യവസായ, ഐടി-വകുപ്പ് മന്ത്രിയും കൊച്ചി സ്മാര്‍ട്‌സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, കൊച്ചിന്‍ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ എ.എന്‍. സഫീന, ജാബിര്‍ ബിന്‍ ഹാഫിസ് തുടങ്ങിയവര്‍ സംബന്ധിക്കും.