കണ്‍വെന്‍ഷന്‍ സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: ധാര്‍മ്മിക ബോധവല്‍ക്കരണം ജാമ്യമില്ലാ കുറ്റമായി കാണുന്ന കേരള സര്‍ക്കാര്‍ സമീപനം അത്യന്തം അപലപനീയമാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) ജില്ലാ സമ്പൂര്‍ണ്ണ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. ഫറോഖ് കോളേജ് അധ്യാപകന്‍ ചെയ്ത കുറ്റമെന്തെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ചുമതല അന്വേഷണ ഏജന്‍സികള്‍ക്കാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയുന്നത് ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഒട്ടും യോജിച്ചതല്ല. മുസ്‌ലിം പ്രഭാഷകരുടെ പേരില്‍ മാത്രം കടുത്ത നിയമനങ്ങള്‍ ചുമത്തി കേസെടുക്കുന്നതില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. കെ.എന്‍.എം. 2022 വിഷന്റെ ഭാഗമായി പ്രസ് ക്ലബ് ഹാളില്‍ നടന്ന മുജാഹിദ് സംയുക്ത കണ്‍വെന്‍ഷന്‍ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി സ്വലാഹുദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യഹ്‌യാ കല്ലമ്പലം, കെ.എന്‍.എം. ജില്ലാ സെക്രട്ടറി അല്‍ അമീന്‍ ബീമാപള്ളി, പ്രൊഫ. സൈനുദീന്‍ ചിറയിന്‍കീഴ്, അബ്ദുല്‍ ഹക്കീം കരമന, ഹുസൈന്‍ ആറ്റിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.