രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പാസ്സ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രം
ayyo news service
തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മേയർ കെ ശ്രീകുമാർ വി കെ പ്രശാന്ത് എം എൽ എയ്ക്ക് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു കെ ടി ഡി സി ചെയർമാൻ എം വിജയകുമാറിന് നൽകിയും പ്രകാശനം ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.
വിവിധ തിയേറ്ററുകളിൽ രാവിലെ 10 മണിമുതലാണ് ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കുന്നത്. 8998 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നെറ്റ് സ്ക്രീനിങ് ചിത്രമായ ഡോർലോക്ക് ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ബാര്‍ക്കോ ഇലക്ട്രോണിക്സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയിൽ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്.
അന്താരാഷ്ട്ര മല്സര വിഭാഗത്തിൽ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ ചെയർമാൻ, ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങള്‍.