തിരുവനന്തപുരം: ഭരണം ഉപയോഗിച്ച് ജാതിമത ശക്തികളെ യു.ഡി.എഫിന്റെ പിന്നില്‍ അണിനിരത്തിയതിന്റെ വിജയമാണ് അരുവിക്കരയില്‍ ഉണ്ടായതെന്ന് സിപിഎം പ്രസ്താവന.
തിരഞ്ഞെടുപ്പുഫലം പാര്‍ട്ടി വിശദമായി പരിശോധിക്കും. ബി.ജെ.പിയുടെ വോട്ടില്‍ വന്ന വര്‍ദ്ധനവ് കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് യു.ഡി.എഫ് ഭരണത്തില്‍ ശക്തിപ്പെട്ടിരിക്കുകയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇതൊരു മുന്നറിയിപ്പാണ്.
ഇതിനെതിരെ കേരളം ജാഗ്രത പാലിക്കണം.
ജാതിമത ശക്തികള്‍ ചേരിതിരിഞ്ഞ് വരുന്ന ഈ ധ്രൂവീകരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യമതനിരപേക്ഷ കക്ഷികളുടെ വിശാലമായ യോജിപ്പ് വളര്‍ത്തിയെടുത്തുകൊണ്ട് ഈ വെല്ലുവിളിയെ നേരിടാനുള്ള ദൗത്യം സി.പി.എം ഏറ്റെടുക്കും.
ഈ ജനവിധി യു.ഡി.എഫ് ഗവണ്‍മെന്റിന് ലഭിച്ച അംഗീകാരമല്ല. യു.ഡി.എഫിന് 39.66% വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. ഭൂരിപക്ഷം ജനങ്ങളും യു.ഡി.എഫിനെതിരെയാണ് വിധിയെഴുതിയിട്ടുള്ളത്. സര്‍ക്കാരിനെതിരെ ചിന്തിക്കുന്ന ജനവിഭാഗങ്ങളില്‍ ഭിന്നത സൃഷ്ടിച്ചുകൊണ്ടാണ് യു.ഡി.എഫ് ഈ വിജയം നേടിയത്.
ഈ വിജയത്തിന്റെ മറവില്‍ അഴിമതിയും ജനവിരുദ്ധ നിലപാടുകളും മുന്നോട്ടുകൊണ്ടുപോകാനുള്ള യു.ഡി.എഫിന്റെ ഏതൊരു നീക്കത്തിനെതിരെയും ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.