തിരുവനന്തപുരം:ആണവോര്‍ജ്ജം, ആണവ പഌന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശാസ്ത്ര സമൂഹവും മാധ്യമങ്ങളും മുന്നോട്ടുവരണമെന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം പറഞ്ഞു. ആണവോര്‍ജം , വികിരണവും, നിയന്ത്രണവും ഒരു വികസന പരിപ്രേക്ഷ്യം എന്ന വിഷയത്തിലുള്ള സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈനംദിന ജീവിതത്തില്‍ ആണവോര്‍ജ്ജം ദോഷകരമാണെന്ന ധാരണ നിലവിലുണ്ട്. ഏത് സാങ്കേതിക വിദ്യയുടെയും വസ്തുതകള്‍ അറിയാന്‍ ഉപഭോക്താക്കള്‍ എന്ന നിലയില്‍ പൊതു സമൂഹത്തിന് അവകാശമുണ്ട്. പൊതുജനത്തിന് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കാനും തൃപ്തികരമായ മറുപടി ലഭിക്കാനും അവസരം ലഭിക്കുന്ന തരത്തിലുള്ള സംവിധാനം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്ത് വിവിധ മേഖലകളിലുള്ള ഊര്‍ജ്ജ ആവശ്യം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ ആവശ്യത്തിനായി വൈദ്യശാസ്ത്രം, കൃഷി, ജലസേചനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് ആണവോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നുണ്ട്. ആണവോര്‍ജ്ജ ഉപയോഗവും, വികസനവും ഇന്ത്യയിലും പുതിയ വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, മേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ അഡ്വക്കസി ആന്‍ഡ് ട്രെയിനിംഗ് ടെറിയൂണിവേഴ്‌സിറ്റി, ന്യൂക്ലിയര്‍ ലോ അസോസിയേഷന്‍ ഇന്ത്യ എന്നിവ ആണവോര്‍ജ്ജ വകുപ്പിന്റെ സഹായത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ആണവോര്‍ജ്ജ കമ്മീഷന്‍ അംഗവും, ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സലറുമായ ഡോ.രവി ബി.ഗ്രോവര്‍, ടെറി യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോ.എം.പി.റാം മോഹന്‍, എന്‍.ഇ.യു.പി.എ. ചാന്‍സലര്‍ പ്രൊഫ:എന്‍.ആര്‍.മാധവ മേനോന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.