തിരുവനന്തപുരം:കേരളം കാത്തിരിക്കുന്ന മലയാള ഭാഷാ നിയമം വേഗത്തില്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭരണ ഭാഷാ വാരാഘോഷവും ഭരണഭാഷാ വര്‍ഷാഘോഷവും മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷവും ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ ഭാഷാ സ്‌നേഹികളാണ്. ഭാഷയുടെ പേരില്‍ തീവ്രവാദം സ്വീകരിച്ചിട്ടില്ല. ഭാഷാ ന്യൂനപക്ഷങ്ങളോടും നമുക്ക് വ്യക്തമായ കടമയുണ്ട്. അതിന് ഭംഗം വരാത്തവിധം അവര്‍ക്ക് കൂടി സ്വീകാര്യമായ വിധത്തിലുളള സംവിധാനമാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഭാഷാ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
വിവിധ തലങ്ങളിലുളള പുരസ്‌കാരങ്ങള്‍ ജീവനക്കാരായ മണികണ്ഠന്‍, സ്മിത രാജന്‍, ഒ.ലത എന്നിവര്‍ ഏറ്റുവാങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനിനെറ്റോ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലികൊടുത്തു.
ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി അനൗദ്യോഗിക അംഗം ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായിരുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ സ്വാഗതവും ഭരണ ഭാഷാ വിഭാഗം ഡപ്യൂട്ടി സെക്രട്ടറി മിനി ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.