തിരുവനന്തപുരം:ദീര്‍ഘവീക്ഷണത്തോടെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആവിഷ്‌കരിച്ച പരിപാടികളാണ് ഇന്ത്യയെ ബഹുദൂരം മുന്നോട്ട് നയിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ബി.സുഗതകുമാരിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി പണ്ഡിറ്റ്ജി മാറിയതും വികസന രംഗത്തെ ഈ ദീര്‍ഘവീക്ഷണം കൊണ്ടായിരുന്നു.
അധികാരത്തിനും സമ്പത്തിനും പ്രാധാന്യം നല്‍കുന്ന സമൂഹത്തില്‍ സാമൂഹിക ബോധത്തോടെയും നന്മയോടെയുമുള്ള പ്രവര്‍ത്തനമാണ് സുഗതകുമാരിയെ വ്യത്യസ്തമാക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ചടങ്ങില്‍ എം.എം.ഹസന്‍ അദ്ധ്യക്ഷനായിരുന്നു. മുന്‍മന്ത്രി എം.വിജയകുമാര്‍, ബി.എസ്.എസ്. ജനറല്‍ സെക്രട്ടറി, ബി.എസ്.ബാലചന്ദ്രന്‍, ഗാഥാ മേനോന്‍, ജയ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.