തിരുവനന്തപുരം:പലായനം ചെയ്യുന്നവരുടെ ദുരിതം ആവിഷ്കരിക്കുന്ന അഫ്ഗാന്‍ ചിത്രം പാര്‍ടിങ്ങോടെ ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. കോടതി വിധിയുടെ പശ്ചാതലത്തിൽ ദേശീയഗാനം പ്രദർശിപ്പിച്ചുകൊണ്ടാണ് ഉദ്ഘാടന ചിത്രം പ്രദർശിപ്പിച്ചത്. ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ഇതാദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ ഡെലിഗേറ്റുകളുടെ സാന്നിധ്യം ഇരുപത്തിയൊന്നാം മേളയെ വ്യത്യസ്തമാക്കുന്നു.
ചലച്ചിത്ര മേളയുടെ ഇരുപത്തിയൊന്ന് സുവര്‍ണ വര്‍ഷങ്ങളെ കുറിക്കുന്ന ഇരുപത്തിയൊന്ന് ചെരാതുകളില്‍ ദീപം പകർന്നാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. ഉദ്‌ഘാടകനായ മുഖ്യമന്ത്രിയും മറ്റു വിശിഷ്ട വ്യക്തികളും കുരുത്തോല വിളക്കിൽ ദീപം പകർന്നു. അഭിനേത്രി അപര്‍ണ ബാലമുരളി മുഖ്യമന്ത്രിക്ക് ദീപം കൈമാറി.ലോകത്തിന്റെ ജാലകങ്ങളാണ് ചലച്ചിത്രങ്ങളെന്നും ഈ ചലച്ചിത്ര മേള കേരളീയരുടെ സ്വകാര്യ അഭിമാനമാണെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലോകം കേരളത്തിലേക്കു വിരുന്നുവന്നിരിക്കുന്ന എട്ടു ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും സിനിമാ സാക്ഷരരായ വ്യക്തിത്വങ്ങളെ കാണാനും അവരോടു സംവദിക്കാനുമുള്ള അവസരം കൂടിയാണു നമുക്കു ലഭിച്ചിരിക്കുന്നത് മേള എല്ലാ വിഭാഗം കലാസ്‌നേഹികള്‍ക്കും പ്രാപ്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും തീയറ്റർ കോംപ്ലക്സ് രണ്ടു വർഷത്തിനകം നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവ സിനിമാപ്രവര്‍ത്തകരുടെ സിനിമകള്‍ക്ക് അന്താരാഷ്ട്ര വേദികള്‍ ഒരുക്കുന്നതിന് സിനിമാമാര്‍ക്കറ്റിംഗ് എന്ന സ്ഥിരം പദ്ധതിയും പരിസ്ഥിതി സൗഹാര്‍ദമായ വേദികളും മറ്റു സൗകര്യങ്ങളും ഈ മേളയുടെ പ്രത്യേകതയാണ്. ഇതാദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് ചലച്ചിത്രമേളയില്‍ പങ്കാളികളാകാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും സാംസ്‌കാരികമന്ത്രി പറഞ്ഞു.
മേളയില്‍ വിശിഷ്ടാതിഥിയായ അഭിനേതാവും സംവിധായകനുമായ അമോല്‍ പലേക്കര്‍ ബാലു മഹേന്ദ്രയുടെ ഓളങ്ങള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനും അംബികയ്ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ ദായ്‌റ (സ്‌ക്വയര്‍ സര്‍ക്കിള്‍) എന്ന സിനിമ ട്രാന്‍സ്ജന്‍ഡര്‍ വിഷയം കൈകാര്യം ചെയ്യുന്നതായിരുന്നതിനാല്‍ 1995ലെ മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടെന്നും ഈ മേളയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയത് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ഡോ.തോമസ് ഐസക്ക് മേയര്‍ വികെ. പ്രശാന്തിനു നല്‍കി ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ചെക്ക് സംവിധായകനായ ജിറിമെന്‍സിലിനു മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. ശശി തരൂര്‍ എംപി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ സംബന്ധിച്ചു.