തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനും കണ്‍സ്യൂമര്‍ഫെഡിന്റെ മുന്‍ മേധാവികള്‍ക്കും എതിരെ വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് വിറ്റഴിച്ച വിദേശമദ്യത്തിന്റെ ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേട് നടന്നതായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്യ വില്‍പന കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞു. ഇന്‍സെന്റീവ് കൈപ്പറ്റിയ രേഖകള്‍ കാണാനില്ല. ത്രിവേണി വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയതിലും വീഴ്ച സംഭവിച്ചു. കരാര്‍ നല്‍കിയത് ടെന്‍ഡര്‍ വിളിക്കാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ല്‍ മദ്യ വില്‍പന കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞു. രണ്ടുലക്ഷം രൂപ മാത്രമാണ് ഇന്‍സെന്റീവായി ലഭിച്ചത്. എന്നാല്‍ ടോമിന്‍ തച്ചങ്കരി എംഡി ആയപ്പോള്‍ ഇന്‍സെന്റീവ് 90 ലക്ഷം രൂപയായി ഉയര്‍ന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.വിദേശമദ്യം വാങ്ങിയതിന് അഞ്ചുകോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയത് ഉള്‍പ്പെടെയുള്ള പരാതികളിന്മേല്‍ ഫെബ്രുവരി 18നായിരുന്നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കണ്‍സ്യൂമര്‍ഫെഡ് മുന്‍പ്രസിഡന്റ് ജോയ് തോമസ്, മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി. സനില്‍കുമാര്‍, മുന്‍ എംഡി റെജി വി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍, മുന്‍ റീജണല്‍ മാനേജര്‍മാരായ എം. ഷാജി (കൊല്ലം), സിഷ് സുകുമാരന്‍ (തിരുവനന്തപുരം), ചോറ്റാനിക്കര വിദേശമദ്യ വിഭാഗം മാനേജര്‍ സുജിതകുമാരി എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.