തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാളം കമ്മ്യുണിക്കേഷന്‍സ് എംഡിയുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പര്യസ്യങ്ങളെ ശ്രദ്ധേയമാക്കിയ തലവാചകം 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്നതിന്റെ സ്രഷ്ടാവ് ബ്രിട്ടാസായിരുന്നു. എല്‍ഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ബ്രിട്ടാസായിരുന്നു. പ്രതിഫലം കൂടാതെയുള്ള നിയമനമാണിത്. ദേശാഭിമാനി കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടാസ് ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരിക്കെയാണു കൈരളി ചാനലിന്റെ എംഡിയായി നിയമിതനാകുന്നത്.
പ്രസിദ്ധ നിയമവിദഗ്ദന്‍ അഡ്വ. എം.കെ. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചു. പ്രതിഫലം കൂടാതെയുള്ള നിയമനമാണിത്. വിഎസ്എസ്സി ഡയറക്ടര്‍ ആയിരുന്ന ചന്ദ്രദത്തനെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.