തിരുവനന്തപുരം: നാടിന്റെ നിലനില്‍പ്പും പുരോഗതിയും നിര്‍ണയിക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ)വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ അഭിനന്ദിക്കുന്നതിനായി നടത്തിയ വിജയോത്സവം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ കുട്ടികളും വ്യത്യസ്തമായ കഴിവുകളും അഭിരുചികളും ഉള്ളവരാണ് . അഭിരുചിക്കനുസരിച്ചുള്ള പഠനമേഖല തെരഞ്ഞെടുക്കുകയും കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്താല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്ന് മന്ത്രി ഓർമിപ്പിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ചെയര്‍മാന്‍ വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കെ.സഞ്ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ മാനസികാരോഗ്യം, വ്യക്തിത്വ വികസനം, വിദ്യാര്‍ത്ഥികളും സാമൂഹ്യ നവമാദ്ധ്യമങ്ങളും എന്നീ വിഷയങ്ങളില്‍ സെമിനാർ നടന്നു.