ന്യൂഡല്‍ഹി: പട്ടേലിനെ പോലെയുള്ള പലരുടെയും ശ്രമഫലമായാണ് രാജ്യം ഐക്യത്തോടെ നിലകൊണ്ടത്.
അത് താറുമാറാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 140ാം ജന്‍മദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പോരാടിയ ധീരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേലെന്നും ഐക്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതായും മോദി പറഞ്ഞു.
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളുടെ സംസ്‌ക്കാരവും അവിടെ നിലനില്‍ക്കുന്ന ഭാഷകളും മനസ്സിലാക്കാന്‍ സഹായിക്കുന്ന പദ്ധതി ജനങ്ങളെ പരസ്പരം കൂടുതല്‍ അറിയാന്‍ സഹായിക്കും. സര്‍ദാര്‍ പട്ടേലിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജ്യപുരോഗതിക്കായി യത്‌നിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.