തിരുവനന്തപുരം:ഡിസംബർ ഒൻപതിന് തുടക്കമാകുന്നു ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം അഫ്ഗാന്‍ സംവിധായകനായ നവീദ് മൊഹ്മൂദിയുടെ പാര്‍ട്ടിങ് ആണ്. കുടിയേറ്റത്തിനിടെ കടല്‍ത്തീരത്ത് മരിച്ചുകിടക്കുന്ന ഐലന്‍ കുര്‍ദി എന്ന ബാലന്റെ സ്മരണകളുണര്‍ത്തുന്ന ഈ ചിത്രം മൊഹ്മൂദിയുടെ ആദ്യ ചിത്രം കൂടിയാണ്. 62 രാജ്യങ്ങളില്‍നിന്നായി 185 ചിത്രങ്ങളാണ് ഇക്കുറി പല വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുക. തിരുവനന്തപുരം നഗരത്തിലുള്ള പതിമൂന്ന് തീയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇവിടെ ദിവസേന വൈകുന്നേരം ആറ്, എട്ട്, പത്ത് മണിയാണ് പ്രദര്‍ശനങ്ങള്‍. എല്ലാ തീയേറ്ററിലും കൂടി ഏകദേശം ഒന്‍പതിനായിരത്തോളം സീറ്റുകള്‍ ഉണ്ട്. 16,767 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനോടകം പതിനോരായിരത്തോളം പേര്‍ പണമടച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ തീയേറ്ററില്‍ ഡിസംബര്‍ ആറിന് രാവിലെ 11ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നടി മഞ്ജു വാര്യര്‍ക്ക് നല്‍കി നിര്‍വഹിക്കും.ഭിന്നലിംഗക്കാര്‍ക്കുള്ള പാസിന്റെ വിതരണവും നടക്കും. ടാഗോര്‍ തീയേറ്ററിലെ ഫെസ്റ്റിവല്‍ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും.മേളയുടെ സമാപന സമ്മേളനവും അവാര്‍ഡ് വിതരണവും ഡിസംബര്‍ 16ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.