തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു തിരുവനന്തപുരം വേദിയാകും. വേദിയാകേണ്ടിയിരുന്ന എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.
ജനുവരി 17 മുതല്‍ 23 വരെയാണ് മേള. എറണാകുളത്ത് മെട്രോ റെയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്താണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള കോഴിക്കോട് നടത്താനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു. ഡിസംബര്‍ 5 മുതല്‍ 8 വരെ തീയതികളിലായി കായിക മേള നടക്കും.
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നവംബര്‍ 24 മുതല്‍ 26 വരെ തീയതികളില്‍ കൊല്ലത്ത് നടക്കുമെന്ന് മന്ത്രി അബ്ദുറബ്ബ് അറിയിച്ചു.