അഡ്വ.രാഖി രവികുമാർ,അഡ്വ.വി.കെ പ്രശാന്ത്
തിരുവനന്തപുരം:തിരുവനന്തപുരം
കോര്‍പറേഷനില്‍ നേരത്തെ സാധ്യത കല്പിച്ചിരുന്ന സിപിഎമ്മിലെ അഡ്വ.വി.കെ പ്രശാന്ത് മേയറായി
തിരഞ്ഞെടുക്കപ്പെട്ടു. സി പി ഐ യിലെ അഡ്വ.രാഖി രവികുമാർ ഡെപ്യുട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. 42 വോട്ട് നേടിയാണ് 100 അംഗങ്ങളുള്ള തിരുവനന്തപുരം
കോര്‍പറേഷനില്‍ പ്രശാന്ത് മേയറായത്. 43 അംഗങ്ങള്‍
എല്‍.ഡി.എഫിനുണ്ടായിരുന്നെങ്കിലും ഇതില്‍ ഒരാളുടെ വോട്ട് അസാധുവായി.
വോട്ടെടുപ്പ് കഴിഞ്ഞ് ഉച്ചക്ക് ശേഷം നാലുമണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വരണാധികാരിയായ ജില്ലാ കളക്ടർ ബിജു പ്രഭാകര് മേയര് വി കെ പ്രശാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയർ വികെ പ്രശാന്ത് ഡെപ്യുട്ടി മേയര് രാഖി രവികുമാറിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് നഗരസഭയിലെ കക്ഷിനേതാക്കൾ അധികാരമേറ്റ മേയര്ക്കും ഡെപ്യുട്ടി മേയര്ക്കും ആശംസകൾ നേർന്നു. യു ഡി എഫിലെ ജോണ്‍സണ്‍ ജോസഫ്,ബിജെപിയുടെ എം ആർ ഗോപൻ,സിപിഎമ്മിന്റെ പുഷ്പലത,സി പി ഐ യുടെ സോളമൻ വെട്ടുകാട്,മുസ്ലിം ലീഗിന്റെ ബീമാപള്ളി റഷീദ്,കോണ്‍ഗ്രസ് എസിന്റെ പാളയം രാജൻ,കേരള കോണ്‍ഗ്രസിന്റെ അഡ്വ.സതീഷ് എന്നിവരാണ് ആശംസകൾ നേര്ന്നത്. തെരുവുനായശല്യം, മാലിന്യനിര്മാര്ജനം എന്നിവക്കെതിരെ ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് ആശംസകൾക്കൊപ്പം കക്ഷിനേതാക്കൾ ഒരേസ്വരത്തിൽ പറഞ്ഞു.
മുൻ മേയര് കെ ചന്ദ്രിക,വി ശിവൻകുട്ടി എം എൽ എ, സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.