തിരുവനന്തപുരം: വേനല്‍മഴക്കെടുതിയില്‍ തിരുവനന്തപുരത്ത് മൂന്നു പേര്‍ മരിച്ചു. വിഴിഞ്ഞം പുതിയതുറ ഉരിയരിക്കുന്നില്‍ മിഖായേല്‍ അടിമ (66), പുതിയതുറ ചെക്കിട്ടവിളാകത്തില്‍ ഫ്രഡി (54) എന്നീ മല്‍സ്യത്തൊഴിലാളികള്‍ മിന്നലേറ്റും കുന്നുകുഴി ഗോവിന്ദമംഗലം സ്വദേശി ജഗത് പുരുഷോത്തമന്‍ (56) വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. വീടിനു മുന്നിലെ വെള്ളക്കെട്ടിലെ വെള്ളം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിനിടെയായിരുന്നു ജഗതിന് വൈദ്യുതാഘാതമേറ്റത്.
തിരുവനന്തപുരം നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. തമ്പാനൂരും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. പൊന്മുടി ഉള്‍പ്പെടെ മലയോരമേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. പലയിടത്തും മിന്നലില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. മഴ നാളെയും തുടരുമെന്നാണ് പ്രവചനം.
ശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. കലക്‌ട്രേറ്റ്, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥരോട് തിരികെ ഓഫിസിലെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചമുതലാണ് സംസ്ഥാനത്ത് കനത്ത മഴ തുടങ്ങിയത്. കന്യാകുമാരിക്കടുത്ത് ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം.