കാസർകോഡിലെ കുട്ടികൾ മംഗലം കളി അവതരിപ്പിക്കുന്നു
തിരുവനന്തപുരം:ചരിത്രത്തിലാദ്യമായി ആദിവാസി കുട്ടികൾ യുവജനോത്സവ വേദിയിൽ തങ്ങളുടെ ഗോത്രകലകൾ അവതരിപ്പിച്ചു. കാസർകോഡ്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലയിൽ നിന്നുള്ള കുട്ടികളാണ് തങ്ങളുടെ ഗോത്രകലകളായ ഇരുള നൃത്തം, പണിയനൃത്തം, മംഗലം കളി, മലയപ്പുലയ ആട്ടം, പളിയ നൃത്തം എന്നിവ അവതരിപ്പിച്ചത്. ഗാന്ധി പാർക്കിലെ സാംസ്കാരികോത്സവ വേദിയിൽ വൈകീട്ട് ഏഴ് മണിക്കായിരുന്നു ഗോത്രകലകളുടെ അവതരണം.
കലോൽസവ വേദികളിൽ ഗോത്രകലാരൂപങ്ങൾ അവഗണിക്കപ്പെടുകയും ആദിവാസി കുട്ടികൾക്ക് പങ്കാളിത്തമില്ലാതിരിക്കുകയും ചെയ്യുന്നത് വിവാദമായതിനെ തുടർന്നാണ് യുവജനോത്സവത്തിന് ഈ ഇനങ്ങൾ കൂടി ഉൾപ്പെടുത്താൻ ധാരണയായത്.ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്, കാസർകോഡ്, പാലക്കാട്, ഇടുക്കി ജില്ലയിലെ 23 ഗവ.സ്കൂളുകൾക്ക് 50000 രൂപ വീതം നൽകിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. കിർത്താർഡ്സിനായിരുന്നു പദ്ധതിയുടെ ചുമതല. ഈ സ്കൂളുകളെ ജില്ലാതലത്തിൽ മത്സരം നടത്തിയാണ് പത്ത് ടീമുകളെ സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞെടുത്തത്.എന്നാൽ കലോത്സവ മാന്വൽ പരിഷ്ക്കരിച്ച് ഗോത്രകലകൾ മത്സരത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതോടെ കുട്ടികൾക്ക് അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.ഈ സാഹചര്യത്തിലാണ് മത്സരമില്ലാത്ത വേദിയായ സാംസ്കാരികോത്സവത്തിൽ ഗോത്രകലകൾ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്