തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള നാളെ (15.12.2017) സമാപിക്കും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മത്സര വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുണ്ടായിരുന്നു. ഐഡന്റിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ 6 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ജൂറി അംഗങ്ങളായ ടി.വി ചന്ദ്രന്‍ കാര്‍ലോസ് മൊറെ, അലക്‌സാണ്ടര്‍ സൊകുറൊവ്, എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു. 14 മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.
മലയാളത്തിന്റെ സംവിധായക പ്രതിഭ കെ.പി കുമാരനെ ചലച്ചിത്രമേളയില്‍ ആദരിച്ചു. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അദ്ദേഹത്തിന്റെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. റഷ്യന്‍ സംവിധായകനായ അലക്‌സാണ്ടര്‍ സൊകുറൊവിന്റെ ആറ് ചിത്രങ്ങളും തിയേറ്ററിലെത്തി. ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ ദ യംഗ് കാള്‍മാര്‍ക്‌സും റഷ്യന്‍ ചിത്രമായ ലവ്‌ലെസും ഇറാനിയന്‍ ചിത്രം കുപാലും ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
സിനിമയില്‍ സ്വന്തം ഇടം സൃഷ്ടിച്ച സംവിധായികമാരുടെ സാന്നിദ്ധ്യം ഇത്തവണത്തെ മേളയില്‍ ശ്രദ്ധേയമായി. മത്സരവിഭാഗത്തിലെ നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്തത് സ്ത്രീകളാണ്. റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്, അനുജ ബൂന്യവദനയുടെ മലില ദ ഫെയര്‍വെല്‍ ഫ്‌ളവര്‍, ഏണസ്റ്റോ ആര്‍ബിറ്റോയുമായി ചേര്‍ന്ന് വിര്‍നാ മൊലിനൊ സംവിധാനം ചെയ്ത സിംഫണി ഫോര്‍ അന, ആന്‍മരിയ ജസീറിനന്റെ വാജിബ് എന്നിവയായിരുന്നു മത്സരവിഭാഗത്തിലെ സ്ത്രീ ചിത്രങ്ങള്‍. 24 സംവിധായികമാരുടെ സാന്നിദ്ധ്യം കൊണ്ട് ലോക സിനിമാവിഭാഗവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തിലെ ഏക സ്ത്രീ സാന്നിദ്ധ്യമായിരുന്നു റിമദാസ്. അപ്‌റൂട്ടഡ് ഫിലിംസ് വിഭാഗത്തില്‍ ഗീതുമോഹന്‍ദാസിന്റ ലയാസ് ഡൈസ് എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു. അപര്‍ണ സെന്നിന്റെ സൊണാറ്റയും മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ജാപ്പനീസ് അനിമേഷനിലൂടെ ലോകത്തെ സമകാലിക പ്രവണതകള്‍ അടയാളപ്പെടുത്തിയ അനിമെ ചലച്ചിത്രമേളയിലെ ആകര്‍ഷകമായ വിഭാഗമായിരുന്നു. ഹായോ മിയാസാക്കി, ഇസാലോ തകഹാത, മറോറു ഹൊസോദ, കെയ്ച്ചിഹൊറ, സുനാവോ, കട്ടബൂച്ചി എന്നിവരുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. രാത്രിയില്‍ ഹൊറര്‍ ചിത്രമായ സാത്താന്‍ സ്ലേവ്‌സ് പ്രദര്‍ശിപ്പിച്ച് ചലച്ചിത്രമേള പുതിയൊരനുഭവം സൃഷ്ടിച്ചു.
ഇത്തവണയും ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും മേളയില്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഡെലിഗേറ്റുകള്‍ക്കുള്ള ആര്‍.എഫ്.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡ്, പ്രദര്‍ശനത്തിന്റെ വിശദാംശങ്ങളറിയാന്‍ മൊബൈല്‍ ആപ്പ്, റിസര്‍വേഷന്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇക്കുറിയും മേള സംഘടിപ്പിച്ചത്.