തൃശൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി കെപിഎസി ലളിത. പിന്മാറ്റം ആരോഗ്യപരമായ കാരണങ്ങളാലും സിനിമാതിരക്കുകള്‍ മൂലവുമാണെന്നും അവര്‍ വ്യക്തമാക്കി.
കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഇതിനെതിരെ വടക്കാഞ്ചേരിയില്‍ സിപിഎമ്മിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും 70 ലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള പ്രദേശിക നേതൃത്വത്തിന്റെ എതിര്‍പ് ശക്തമായതാണ് ലളിതയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
അതേ സമയം കെപിഎസി ലളിതക്ക് സമ്മതമെങ്കില്‍ അവര്‍ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയതിനു പിന്നാലെയാണ് സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ നിലപാടുമാറ്റവുമായി ലളിത രംഗത്തെത്തിയത്. കെപിഎസി ലളിതയെപോലുള്ള സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷത്തിന് മികവ് സമ്മാനിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും പിണറായി സൂചിപ്പിച്ചിരുന്നു.