ക്വാന്‍ടന്‍: ബന്ധവൈരികളായ പാകിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി. രൂപീന്ദര്‍പാല്‍ സിംഗ്, അഫാന്‍ യൂസഫ്, നിഖില്‍ എന്നിവരുടെ ഗോളുകളിലൂടെയാണ് കിരീടനേട്ടം ഉറപ്പിച്ചത്.നിലവിലെ ചാമ്പ്യന്‍മാരാണ് പാക്കിസ്ഥാന്‍. മലയാളിതാരം ശ്രീജേഷ് പരിക്കിനെ തുടര്‍ന്ന് കളത്തിലിറങ്ങിയില്ല. 11 ഗോളുമായി രൂപീന്ദര്‍ പാല്‍ സിംഗാണ് ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍. അലീം ബിലാല്‍, അലി ഷാൻ എന്നിവരാണ് പാകിസ്ഥാനുവേണ്ടി ഗോളുകൾ നേടിയത്.
സെമിയില്‍ ദക്ഷിണകൊറിയയ്‌ക്കെതിരേ നായകന്‍ ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ
വിജയംകണ്ടത്. ഷൂട്ടൗട്ടില്‍ 5–4നായിരുന്നു ഇന്ത്യയുടെ വിജയം. നിര്‍ണായകമായ
അഞ്ചാം കിക്ക് ശ്രീജേഷ് തടുത്തതോടെ ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.
മലേഷ്യയെ 3–2ന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഫൈനലില്‍ ഇടംപിടിച്ചത്.
2011ല്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിലെ പ്രഥമ ചാമ്പ്യന്‍ ഇന്ത്യയായിരുന്നു.