കോഴിക്കോട്∙ മിഠായിത്തെരുവിൽ വൻ തീപിടിത്തം. പത്തിലേറെ കടകൾ പൂർണമായും കത്തി നശിച്ചു. ആളപായമുള്ളതായി വിവരമില്ല. സ്‌കൂൾ തുറക്കുന്ന അവസരമായതിനാൽ കടകളിലെല്ലാം പതിവിലുമേറെ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സാഹചര്യമായതിനാൽ കോടികളുടെ നഷ്‌ടമുണ്ടായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. 2007ൽ ഈ ഭാഗത്ത് പടക്കക്കടയിലുണ്ടായ തീ പിടിത്തത്തിൽ എട്ടു പേർ മരിച്ചിരുന്നു. വൻ നാശ നഷ്‌ടവുമുണ്ടായിരുന്നു.
ജില്ലയിലേയും സമീപ ജില്ലകളിലെയും വിവിധ ഫയർസ്‌റ്റേഷനുകളിൽ നിന്നെത്തിയ ഫയർ യൂണിറ്റുകളും രാജ്യാന്തര വിമാനത്താവളത്തിലെ ഫയർ ഫൈറ്റിങ് യൂണിറ്റും ചേർന്ന് അർധ രാത്രിയോടെ തീ പടരുന്നതു നിയന്ത്രണ വിധേയമാക്കി. ഒമ്പതേമുക്കാലോടെയാണ് തീ കണ്ടെതെന്നു പറയുന്നു.
നഗരത്തിലെയും പരിസരങ്ങളിലെയും വിവിധ ഫയർ സ്‌റ്റേഷനുകളിൽ നിന്ന് 12 യൂണിറ്റ് ഫയർ എൻജിനുകൾ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണാതീതമായപ്പോഴാണ് സമീപ ജില്ലകളിലെ സേനയുടെ സഹായവും തേടിയത്. ആദ്യം തീ കണ്ട പ്രധാന റോഡരികിലെ കടകളിൽ നിന്ന് പിന്നിലെ ചെറിയ കടകളുടെ സമുച്ചയത്തിലേയ്‌ക്കു തീ പടർന്നതാണ് വ്യാപ്‌തി വർധിപ്പിച്ചത്. തുണിത്തരങ്ങളും അനുബന്ധ ഉൽപന്നങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണുകളും മറ്റുമാണ് ഈ ഭാഗത്തുണ്ടായിരുന്നത്. വാഹന സൗകര്യം തീരെയില്ലാത്ത ഈ ഭാഗത്തേക്ക് ഫയർഫോഴ്‌സിന് എത്തിച്ചേരാനായില്ല.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരും തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കു വഹിച്ചു.
മേയർ എ.കെ. പ്രേമജം, എഡിജിപി എൻ. ശങ്കർ റെഡ്‌ഡി, കലക്‌ടർ എൻ. പ്രശാന്ത്, സിറ്റി പൊലീസ് കമ്മിഷണർ പി.എ. വൽസൻ തുടങ്ങിയവർ രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.