തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത് തന്നോട് ആലോചിച്ച് അല്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിയോട് താന്‍ രാജിക്കാര്യം പറഞ്ഞിരുന്നുവെന്ന ജോണി നെല്ലൂരിന്റെ വാക്കുകളാണ് അനൂപ് തള്ളിയത്.
ജോണി നെല്ലൂര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന അങ്കമാലി സീറ്റ് നല്‍കാനാവില്ലെന്ന കോണ്‍ഗ്രസിന്റെ കടുത്ത നിലപാടാണ് പാര്‍ട്ടിയിലെ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. അനൂപിന്റെ മണ്ഡലമായ പിറവം കൂടാതെ മറ്റൊരു മണ്ഡലം കൂടി നല്‍കാമെന്നും എന്നാല്‍ അങ്കമാലി നല്‍കാന്‍ കഴിയില്ലെന്നും ജേക്കബ് വിഭാഗത്തെ കോണ്‍ഗ്രസ് അറിയിച്ചു.
അങ്കമാലിയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച ജോണി നെല്ലൂരിന് ഇതിനോട് യോജിപ്പില്ല. പിറവം ലഭിക്കുമെന്നതിനാല്‍ അനൂപിനു അങ്കമാലിയോട് വലിയ താത്പര്യവുമില്ല.
ഇനി യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോണി നെല്ലൂര്‍ രാവിലെ പ്രഖ്യാപിച്ചിരുന്നു. അങ്കമാലി സീറ്റില്‍ കോണ്‍ഗ്രസ് കടുംപിടുത്തം തുടരുന്നതിനാല്‍ ഇന്ന് വൈകിട്ട് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ അനൂപ് ജേക്കബ് ആണ് പങ്കെടുക്കുന്നത്.