ഗൂഡല്ലൂര്‍: ദേവര്‍ഷോല വുഡ്ബ്രയര്‍ എസ്റ്റേറ്റില്‍ ഒരാഴ്ചക്കാലം നാടിനെ വിറപ്പിച്ച കടുവയെ തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് സംഘം വെടിവച്ച് കൊന്നു. കടുവയെ വെടിവയ്ക്കുന്നതിനിടെ രണ്ട് എസ്ടിഎഫുകാര്‍ക്കും വെടിയേറ്റു. ടാസ്‌ക്‌ഫോഴ്‌സ് സംഘത്തിലെ സന്തോഷ്, രവി എന്നിവര്‍ക്കാണ് വെടിയേറ്റത്. സന്തോഷിന്റെ വയറിനും രവിയുടെ കാലിനുമാണ് വെടിയേറ്റത്. ഇവരെ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ദേവര്‍ഷോല വുഡ്ബ്രയര്‍ എസ്റ്റേറ്റില്‍ വൈകുന്നേരം 3.15ഓടെയാണ് ഏഴ് വയസ് തോന്നിക്കുന്ന ആണ്‍കടുവയെ വെടിവച്ച് കൊന്നത്. കൂടുവച്ച് പിടിക്കാനും മയക്കുവെടിവച്ച് പിടിക്കാനുമുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നാഷനല്‍ ടൈഗര്‍ അഥോറിറ്റിയുടെ ഉത്തരവ് പ്രകാരം കടുവയെ വെടിവച്ചത്. ശേഷം ഗൂഡല്ലൂര്‍ ചെമ്പാലയിലെ ഈട്ടിമൂല വനംവകുപ്പ് ഓഫീസിന് അടുത്തെത്തിച്ച്
പോസ്റ്റ്‌മോര്‍ട്ടം നടത്തി. കടുവയുടെ തലയ്ക്കാണ് വെടിയേറ്റത്.
കഴിഞ്ഞ പതിനൊന്നിന് എസ്റ്റേറ്റിലെ അന്യസംസ്ഥാന സംസ്ഥാന തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയിരുന്നു. ഒരാഴ്ചക്കാലം തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സും വനംവകുപ്പും പോലീസും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 48 കാമറകളും എട്ട് കൂടുകളുമാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്.