തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തി. ചെടികളില്‍ അടിക്കുന്ന ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ അംശങ്ങളാണ് ആന്തരികാവയവങ്ങള്‍ പരിശോധനക്കയച്ച കാക്കനാട്ടെ ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനയില്‍ കണ്ടെത്തിയത്.
മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കുറവായിരുന്നുവെന്നും രണ്ടു ദിവസത്തെ ചികിത്സ കൊണ്ട് ഇതിന്റെ അളവ് കുറഞ്ഞതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുടെ ശരീരത്തില്‍ നിന്നും വന്‍കുടല്‍, ചെറുകുടല്‍ എന്നിവയുടെ ഭാഗങ്ങളാണ് പരിശോധനക്കായി എടുത്തയച്ചിരുന്നത്. വ്യാജമദ്യങ്ങള്‍ക്ക് വീര്യം കൂട്ടാനായി ഈ കീടനാശിനി ഉപയോഗിക്കാറുണ്ടെന്നും ലാബ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിന് കൈമാറും.