ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി 29ലേക്കു മാറ്റി. കനയ്യയുടെ ജാമ്യഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നെങ്കിലും ഡല്‍ഹി പോലീസിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.
കനയ്യ കുമാറിനെ വീണ്ടും റിമാന്‍ഡില്‍ പോലീസിനു കൈമാറണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് പോലീസ് ആരോപിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദും അനിര്‍ഭന്‍ ഭട്ടാചാര്യയും കീഴടങ്ങിയ പശ്ചാത്തലത്തിലാണ് പോലീസ് വീണ്ടും കനയ്യയെ റിമാന്‍ഡില്‍ വിടണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ, കഴിഞ്ഞ ദിവസം കീഴങ്ങിയ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ കനയ്യയുടെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാവൂ എന്നും ഡല്‍ഹി പോലീസ് വാദിച്ചു.
അതേസമയം, കനയ്യയുടെ സുരക്ഷയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കനയ്യ കുമാറിന് ഒരു പോറല്‍ പോലും ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി. നേരത്തെ, പട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് കനയ്യയെ കോടതിമുറിയില്‍ മര്‍ദിദ്ദിച്ച പശ്ചാതലത്തിലാണ് കോടതിയുടെ നിര്ദ്ദേശം.