ലണ്ടൻ:കഴിഞ്ഞ മാസം പിറന്ന ബ്രിട്ടീഷ് രാജകുമാരി ഷാര്‍ലറ്റിന്റെ ചിത്രങ്ങള്‍ കെന്‍സിങ്ടണ്‍ പാലസ് പുറത്തുവിട്ടു. സഹോദരന്‍ ജോര്‍ജ് രാജകുമാരന്റെ മടിയിലിരിക്കുന്ന ഷാര്‍ലറ്റിന്റെ ഫോട്ടോ ഇവരുടെ അമ്മ കാതറീന്‍ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കെന്‍സിങ്ടണ്‍ പാലസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് കാതറീന്‍ ജോര്‍ജും ഷാര്‍ലറ്റും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഇതില്‍ കുഞ്ഞു ഷാര്‍ലറ്റിനെ ചുംബിക്കുന്ന ജോര്‍ജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് നേടുന്നത്. ജോര്‍ജ് രാജകുമാരനും കുഞ്ഞു സഹോദരി ഷാര്‍ലറ്റ് രാജകുമാരിയുമൊത്തുള്ള ആദ്യ ചിത്രങ്ങള്‍ എന്ന മുഖവുരയോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ടിനായിരുന്നു രാജകുടുംബത്തിലെ പുതിയ അതിഥിയായ ഷാര്‍ലറ്റ് രാജകുമാരിയുടെ ജനനം.
മെയ് രണ്ടിന് ജനിച്ച ഷാര്‍ലറ്റിന് രണ്ടാഴ്ച പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 21 മാസമാണ് ജോര്‍ജിന്റെ പ്രായം.