പത്തനംതിട്ട:സോളര്‍ കമ്പനിയുടെ ചെയര്‍മാന്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശ മലയാളിയില്‍ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്. നായര്‍ക്കും ആറു വര്‍ഷം കഠിനതടവ്.
വിവിധ വകുപ്പുകളിലായാണ് ശിക്ഷ. എന്നാല്‍, ഒരു വകുപ്പിലും മൂന്നു വര്‍ഷത്തിലധികമല്ല ശിക്ഷ എന്നതിനാല്‍ സരിതയ്ക്കു ജാമ്യം അനുവദിച്ചു.
ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനാല്‍ ബിജു രാധാകൃഷ്ണനു ജാമ്യമില്ല.
ബിജു രാധാകൃഷ്ണന്‍ 75 ലക്ഷം രൂപയും സരിത 45 ലക്ഷം രൂപയും വാദിയായ ആറന്മുള സ്വദേശി ബാബുരാജിനു നല്‍കണമെന്നും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) യുടെ വിധിയില്‍ പറയുന്നു.
മജിസ്‌ട്രേട്ട് ആര്‍. ജയകൃഷ്ണനാണ് സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യവിധി പ്രസ്താവിച്ചത്.
സോളര്‍ പ്ലാന്റ് സ്ഥാപിക്കാമെന്നു പറഞ്ഞ് 1.60 ലക്ഷം രൂപയും സോളര്‍ കമ്പനിയില്‍ ചെയര്‍മാന്‍ ആക്കാമെന്നു വാഗ്ദാനം ചെയ്ത് 1,17,40,000 രൂപയും രണ്ടു പ്രതികളും ചേര്‍ന്നു കൈപ്പറ്റിയെന്ന കേസ് 2013 ജൂണ്‍ 18ന് ആണ് ആറന്മുള പൊലീസ് റജിസ്റ്റര്‍ ചെയ്തത്.
സരിത ഏഴു തവണയായി 44.60 ലക്ഷം രൂപയും ബിജു എട്ടു തവണയായി 74.40 ലക്ഷം രൂപയും കൈപ്പറ്റിയെന്നു ബാബുരാജ് പരാതിയില്‍ ആരോപിച്ചിരുന്നു.