തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മ്മാണക്കരാര്‍ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ഒപ്പുവയ്ക്കും. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ തുറമുഖ നിര്‍മ്മാണക്കരാറിലേര്‍പ്പെടുന്ന അദാനി പോര്‍ട്‌സ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് തുടങ്ങും. നിര്‍മ്മാണം നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അദാനി പോര്‍ട്‌സ് അധികൃതര്‍ ഉറപ്പുനല്‍കിയതായി ചര്‍ച്ചക്ക് ശേഷം തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കബോട്ടാഷ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, വി.എസ്. ശിവകുമാര്‍, ശശി തരൂര്‍ എം.പി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അദാനി പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.